
വൈദ്യുതിബില്ലിലും ക്യു.ആർ; സ്കാൻ ചെയ്ത് തുക അടയ്ക്കാം
- പി.ഒ.എസ്. മെഷീൻവഴി കാർഡും ക്യു.ആർ. കോഡും വഴി പണം സ്വീകരിക്കുന്നരീതി പരീക്ഷണാടിസ്ഥാനത്തിൽ ബോർഡ് ഒക്ടോബറിൽ ആരംഭിച്ചിരുന്നു
തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതിബില്ലിൽ ക്യു.ആർ. കോഡ് ഉൾപ്പെടുത്താനൊരുങ്ങി കെ.എസ്.ഇ.ബി. കോഡ് സ്കാൻചെയ്തത് ഉപഭോക്താവിന് തുക അടയ്ക്കാം. ഏതാനും മാസങ്ങൾക്കകം ഇത് നടപ്പാക്കും. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നവിധം ഐ.ടി. വിഭാഗം ശക്തിപ്പെടുത്താനും ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ നിർദേശങ്ങൾ ക്ഷണിച്ചു.വീടുകളിലും സ്ഥാപനങ്ങളിലും സ്ഥിരം ക്യു.ആർ. കോഡ് നൽകുന്നതും പരിഗണനയിലാണ്. സുരക്ഷിതമായി ഒരുസ്ഥലത്ത് ഒട്ടിച്ചുവെക്കാം. കോഡ് സ്കാൻചെയ്‌താൽ അതത് കാലത്തെ വൈദ്യുതിബില്ലിന്റെ വിവരങ്ങൾ അറിയാം. പണം അടയ്ക്കുകയുമാവാം.

ബിൽ നൽകുമ്പോൾത്തന്നെ പി.ഒ.എസ്. മെഷീൻവഴി കാർഡും ക്യു.ആർ. കോഡും വഴി പണം സ്വീകരിക്കുന്നരീതി പരീക്ഷണാടിസ്ഥാനത്തിൽ ബോർഡ് ഒക്ടോബറിൽ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ വെള്ളയമ്പലം, ഉള്ളൂർ സെക്ഷനുകളിലാണ് ഇതിപ്പോൾ നടക്കുന്നത്. ഇത് വിജയകരമാണെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ.ഉപഭോക്താക്കളുമായുള്ള ഇടപെടലിന് ഇപ്പോൾ കെ.എസ്.ഇ.ബി. പ്രാമുഖ്യം നൽകുന്നില്ലെന്ന് ബോർഡ് ചെയർമാൻ ബിജു പ്രഭാകർ സംഘടനകളുടെ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ കസ്റ്റമർ കെയർസെന്റർ തുടങ്ങും.
