
വൈദ്യുതി നിരക്ക് കേരളത്തിൽ കുറവ് ; കണക്കുകളുമായി റെഗുലേറ്ററി കമീഷൻ
- വൻകിട വ്യവസായങ്ങളുടെ വൈദ്യുതി നിരക്കുകളും കേരളത്തിൽ കുറവ്
തിരുവനന്തപുരം:രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ കേരളത്തിൽ വൈദ്യുതി നിരക്ക് കുറവാണെന്ന് ചൂണ്ടികാട്ടുന്ന കണക്കുകളുമായി റെഗുലേറ്ററി കമീഷൻ. 29 സംസ്ഥാനങ്ങളിലെ വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത് പട്ടികയാ ണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരിയ്ക്കുന്നത്.പ്രതിമാസം 100 യൂനിറ്റ് വരെയുള്ള ഗാർഹിക ഉപഭോക്താക്കളുടെ കാര്യത്തിൽ 21 സംസ്ഥാനങ്ങളിലേക്കാൾ കേരളത്തിൽ നിരക്ക് കുറവാണെന്നതടക്കം വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങളുടെ വൈദ്യുതി നിരക്കുകളും കേരളത്തിൽ കുറവാണെന്ന് കണക്കുകൾ ചൂണ്ടികാട്ടുന്നു.

കേരളത്തിൽ വൈദ്യുതി നിരക്ക്കൂടുതലാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കെയാണ് റെഗുലേറ്ററി കമീഷൻ മറ്റു സംസ്ഥാനങ്ങളുടെ നിരക്കുകൾ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.അതേ സമയം അടിക്കടി നിരക്ക് വർധിപ്പിക്കുന്നതിനു ള്ള ന്യായീകരണമാണ് നിരക്കുകൾ താരതമ്യം ചെയ്യുന്നതിന് പിന്നിലുള്ളതെന്നാണ് ഉ പഭോക്തൃ സംഘടനകൾ പറയുന്നത്.