
വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം നേടാം; ടിപ്സുമായി കെ.എസ്.ഇ.ബി
- ഇന്ധന സർചാർജ് ഇനത്തിലാണ് കുറവ് ലഭിക്കുക
തിരുവനന്തപുരം:വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം നേടാനായി
ടിപ്സുമായി കെ.എസ്.ഇ.ബി. പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക്-മണിക്കൂറുകളിൽ 25 ശതമാനം അധിക നിരക്ക് ബാധകമാണെന്ന് കെ.എസ്.ഇ.ബി. എന്നാൽ, രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയും.വീട്ടിലെ വൈദ്യുത വാഹന ചാർജിങ്ങും വൈദ്യുതി വലിയതോതിൽ ഉപയോഗിക്കുന്ന പമ്പ്സെറ്റ്, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും പകൽ സമയത്തേക്ക്മാറ്റുന്നത് വഴി വൈദ്യുതി ബില്ലിൽ വലിയ ലാഭം നേടാമെന്നുമാണ് കെ.എസ്.ഇ.ബി അറിയിച്ചത് .

2025 ഫെബ്രുവരി ഒന്നുമുതൽ യൂണിറ്റിന് ഒൻപത് പൈസ നിരക്കിൽ വൈദ്യുതി ചാർജ് കുറയുമെന്നും കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. ഇന്ധന സർചാർജ് ഇനത്തിലാണ് കുറവ്ലഭിക്കുക.നേരത്തെ യൂണിറ്റിന് 19 പൈസയാണ് ഇന്ധന സർചാർജായി ഈടാക്കി വന്നിരുന്നത്. ഇപ്പോൾ ഇത് 10 പൈസയായി കുറഞ്ഞിട്ടുണ്ട്.
