
വോട്ടർമഷി തട്ടി വിദ്യാർഥിനിയുടെ വിരലുകൾക്ക് പൊള്ളലേറ്റു
- തിരഞ്ഞെടുപ്പ് ചട്ടപ്രകാരം മഷി പുരട്ടുന്നത് പോളിങ് ഉദ്യോഗസ്ഥരുടെ ചുമതലയാണ്
ഫറോക്ക്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർമഷി തട്ടി എൻ.എ സ്.എസ്. വിദ്യാർഥിനിയുടെ വിരലുകൾക്ക് പൊള്ളലേറ്റു. ഫറോക്ക് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയുടെ ഇടതുകൈ വിരലുകൾക്കാണ് പൊള്ളലേറ്റത്.
ഫാറൂഖ് കോളേജ് എ.എൽ.പി. സ്കൂളിലെത്തുന്ന ഭിന്നശേഷിക്കാരായ ആളുകളെ വോട്ടു ചെയ്യുന്നതിന് സഹായിക്കലായിരുന്നു വിദ്യാർഥിനിയുടെ ചുമതല.
എന്നാൽ, സ്കൂളിൽ എത്തിയപ്പോൾ വോട്ടു ചെയ്യുന്ന ആളുകളുടെ വിരലിൽ മഷി പുരട്ടലായിരുന്നു ഡ്യൂട്ടി. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം വോട്ടറുടെ വിരലിൽ മഷി പുരട്ടുന്നതും വോട്ടർസ്ലിപ്പുകൾ നൽകലുമെല്ലാം പോളിങ് ഉദ്യോഗസ്ഥരുടെ ചുമതലയിൽപ്പെട്ടതാണ്.
പത്തുമുതൽ രണ്ടു വരെ വിദ്യാർഥിനി മഷി പുരട്ടാനിരുന്നു. പിന്നീട് വിട്ടിലെത്തിയപ്പോൾ കൈവിരലുകൾക്ക് വേദനയനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. സംഭവമറിഞ്ഞ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും വിവരശേഖരം നടത്തിയിട്ടുണ്ട്.
വിവിധ ബൂത്തുകളിൽ പോളിങ് ഡ്യൂട്ടിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർക്ക് വിരലിൽ മഷിയിൽ നിന്ന് പൊള്ളലേറ്റിരുന്നു. വിരലിന്റെ അഗ്രഭാഗത്തെ തൊലി പൊളിഞ്ഞു പോയ ഉദ്യോഗസ്ഥരുമുണ്ട്. സെക്കൻഡ് പോളിങ് ഉദ്യോഗസ്ഥർക്കാണ് കൂടുതലായും പൊള്ളലേറ്റത്.