
ശബരിമല തീർത്ഥാടനത്തിന് വിപുലമായ ആരോഗ്യ സേവനങ്ങൾഒരുക്കും – വീണാ ജോർജ്
- കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. ഇതിനായി മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിയന്തര കാർഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകർച്ചവ്യാധി പ്രതിരോധവും മുന്നിൽ കണ്ടുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പ്രത്യേക സ് ക്വാഡുകൾ കർശനമായ പരിശോധനകൾ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പമ്പ ആശുപത്രിയിൽ വിപുലമായ കൺട്രോൾ റൂം സ്ഥാപിക്കും.
മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ സംവിധാനങ്ങൾ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിർദേശം നൽകി. വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടർമാരെ ആരോഗ്യ വകുപ്പിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും നിയോഗിക്കും.