
ശബരിമല മണ്ഡല – മകരവിളക്ക് ; കെഎസ്ആർടിസിയുടെ വരുമാനം 32.95 കോടി
- 59.78 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്
പത്തനംതിട്ട : ശബരിമലയിലെ മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു നടത്തിയ സർവീസുകൾ വഴി 32.95 കോടിയുടെ വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്.മണ്ഡല കാലം ആരംഭിച്ചത് മുതൽ 35000 ദീർഘ ദൂര സർവീസുകളും പമ്പ നിലയ്ക്കൽ റൂട്ടിൽ ആകെ 143468 ചെയിൻ സർവീസുകളും നടത്തി.

59.78 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്. ജനുവരി 14 ന് മകരജ്യോതി ദർശനം കഴിഞ്ഞു തിരിച്ചിറങ്ങിയ തീർത്ഥാടകർക്കായി വൈകിട്ട് 7 മണി മുതൽ ജനുവരി 15 ന് പുലർച്ചെ 5.30 മണി വരെ പമ്പ -നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവിസുകൾ നടത്തി. അതോടൊപ്പം ചെങ്ങന്നൂർ, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശൂർ, തെങ്കാശി, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘ ദൂര സർവീസുകളും നടത്തി. ശബരിമല നട അടയ്ക്കുന്ന ജനുവരി 19 ന് രാത്രി വരെ ചെയിൻ സർവീസുകളും ജനുവരി 20 ന് രാവിലെ 8 മണി വരെ ദീർഘ ദൂര സർവീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫിസർ അറിയിച്ചിട്ടുണ്ട്.
