
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി
- കേസിൽ ഒന്നാം പ്രതിയായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. അതിനിടെ ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. എസ്ഐടി അന്വേഷണത്തിൽ ഇടപെടാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമർശനം. തന്ത്രിക്ക് സ്വകാര്യ സ്ഥാപനത്തിൽ കോടിക്കണക്കിന് രൂപയുടെ നിയമവിരുദ്ധ നിക്ഷേപമുണ്ടെന്ന് എസ്ഐടി കോടതിയിൽ പറഞ്ഞു.

കേസിൽ ഒന്നാം പ്രതിയായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു. സ്വർണം പൂശിയ തകിടുകളെ വെറും ചെമ്പുതകിടുകൾ എന്ന് രേഖപ്പെടുത്തി മഹസറിൽ ഒപ്പുവെച്ച് പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി അനുമതി നൽകിയെന്നും പ്രധാന മഹസറുകളിൽ ഒപ്പുവെക്കാതിരുന്നത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമെന്നും എസ്ഐടി വാദിച്ചു. ദേവസ്വം മാന്വലിന് വിരുദ്ധമായി വിലപിടിപ്പുള്ള വസ്തുക്കൾ പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി സൗകര്യമൊരുക്കിയതായും സ്വർണത്തകിടുകൾ മാറ്റുന്നതിന് മുൻപ് നടത്തേണ്ട അനുജ്ഞാകലശം പോലുള്ള പ്രധാന ആചാരങ്ങൾ ഒഴിവാക്കിയതായും എസ്ഐടി ആരോപിച്ചു
