
ശബരിമല സ്വർണപ്പാളി വിഷയം ഉന്നയിച്ച് നിയമസഭയിൽ ബാനറുകളുയർത്തി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
- ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെയ്ക്കുക എന്നടക്കം എഴുതിയ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
തിരുവനന്തപുരം: നിയമസഭയിൽ ശബരിമല സ്വർണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം. ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവെയ്ക്കണമെന്നാണാവശ്യം. പ്രതിപക്ഷം ബാനറുകളുമായി നടുത്തളത്തിലിറങ്ങി. സ്പീക്കറെ മറച്ച് ബാനറുകൾ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തരവേള തടസ്സപ്പെടുത്തിക്കൊണ്ടുള്ള നടപടികൾ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതോടെ സഭാനടപടികൾ താത്കാലികമായി നിർത്തിവെച്ചു.കാട്ടുകള്ളന്മാർ, അമ്പലം വിഴുങ്ങികൾ’, ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെയ്ക്കുക എന്നടക്കം എഴുതിയ ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഇത് സഭാമര്യാദയ്ക്കെതിരാണെന്ന് സ്പീക്കർ എ.എൻ. ഷംസീറും ധനമന്ത്രി കെ.എൻ. ബാലഗോപാലും പലയാവർത്തി പറഞ്ഞെങ്കിലും പ്രതിപക്ഷം വകവെച്ചില്ല.

സ്വർണപ്പാളി വിഷയം ഗൗരവമായിത്തന്നെ സഭയിൽ ഉന്നയിക്കാനുറച്ചാണ് പ്രതിപക്ഷം തിങ്കളാഴ്ച സഭയിലെത്തിയത്.അടിയന്തരപ്രമേയമായി നോട്ടീസ് നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ അടിയന്തരപ്രമേയമായി ഉന്നയിക്കുന്നതിനു മുന്നേതന്നെ ചോദ്യോത്തരവേളയിൽ വിഷയം അവതരിപ്പിക്കാം എന്ന് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനമെടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യോത്തരവേള തുടങ്ങിയ ഉടൻതന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈ വിഷയം സഭയിൽ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്.
