
ശുഭാംശു ശുക്ലയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര നീളുന്നു
- പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദൗത്യം നീട്ടിവച്ചിരുന്നത്.
ഫ്ളോറിഡ: ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര നീളുന്നു. സാങ്കേതിക തകരാറിനെ തുടർന്ന്, ശുഭാംശു ഉൾപ്പെടെ നാലുപേരെ വഹിച്ചുള്ള ആക്‌സിയം സ്പേസിൻ്റെ ദൗത്യം (Axiom 4 Mission) വീണ്ടും മാറ്റി. നേരത്തെ, പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദൗത്യം നീട്ടിവച്ചിരുന്നത്. നാളെ വിക്ഷേപണം നടക്കുമെന്നാണ് വിവരം.

നാസയുടെ പെഗ്ഗി വിറ്റ്സൺ, പോളണ്ടുകാരൻ സ്ലാവോസ് ഉസനാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് യാത്രയിൽ പങ്കെടുക്കുന്ന മറ്റ് അംഗങ്ങൾ. 14 ദിവസം ബഹിരാകാശ നിലയത്തിൽ തങ്ങി വിവിധ പരീക്ഷണങ്ങൾ നടത്തുകയാണ് ഇവരുടെ ദൗത്യം.
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്നാണ് ഡ്രാഗൺ പേടകവുമായി ഫാൽക്കൺ 9 റോക്കറ്റ് യാത്ര തിരിക്കുക. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്പേസാണ് ദൗത്യത്തിൻ്റെ ആസൂത്രകർ.
CATEGORIES News