
ഷാറൂഖ് ഖാന് വധഭീഷണി മുഴക്കിയ ആൾ പിടിയിൽ
- ഛത്തീസ്‌ഗഡിലെ റായ്‌പുർ സ്വദേശി ഫൈസൻ ഖാനാണ് അറസ്റ്റിലായത്
റായ്‌പൂർ:ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയിൽ. ഛത്തീസ്‌ഗഡിലെ റായ്‌പുർ സ്വദേശി ഫൈസൻ ഖാനാണ് അറസ്റ്റിലായത്. 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട ഫൈസാൻ ഖാനെ ഇയാളുടെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഷാറൂഖ് ഖാനെതിരെ വധഭീഷണി സന്ദേശം വന്നത് കഴിഞ്ഞ വ്യാഴാഴ്‌ചയാണ്.സൽമാൻ ഖാന് നേരെ ധാരാളം ഭീഷണികൾ വരുന്നതിനിടയിലാണ് ഷാറൂഖ് ഖാന് നേരെയും ഭീഷണി വന്നത്.

എന്നാൽ തന്റെ ഫോൺ ഏതാനും ദിവസം മുമ്പ് നഷ്ടപ്പെട്ടന്നായിരുന്നു അഭിഭാഷകൻ കൂടിയായ ഫൈസൻ ഖാൻ പറഞ്ഞത്. അന്വേഷണത്തിൽ സഹകരിക്കുമെന്നും മുംബൈ പോലീസിനു മുമ്പാകെ നവംബർ 14ന് ഹാജരാകുമെന്നും ഫൈസൻ ഖാൻ പ്രതികരിച്ചു. അതേസമയം, രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കിയതിന് ഷാറൂഖ് ഖാനെതിരെ ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അതിനായി തന്നെ കുടുക്കുകയാണെന്നും ഫൈസാൻ അവകാശപ്പെട്ടു.

1993-ൽ പുറത്തിറങ്ങിയ ‘അഞ്ജാം’ എന്ന സിനിമയിൽ ഖാൻ മാനിനെ കൊന്നതായി കാണിച്ചിരുന്നുവെന്നും അത് പാചകം ചെയ്‌ത് കഴിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. നടന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഫൈസാൻ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപിച്ചിരുന്നു. വധഭീഷണി വന്നത് കാരണം കനത്ത സുരക്ഷയാണ് ഷാറൂഖ് ഖാന് വേണ്ടി ഒരുക്കിയിട്ടുള്ളത്. ആറ് സായുധ സേനാംഗങ്ങളെയാണ് ഷാറൂഖ് ഖാന്റെ സുരക്ഷക്കായി ചുമതലപെടുത്തിയത്.