
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളിൽ മുണ്ടിനീര് വ്യാപിക്കുന്നു
- രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയിൽ
തിരുവനന്തപുരം:മുണ്ടിനീര്(മംപ്സ്) സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വ്യാപിക്കുന്നത് കൂടുന്നു. രക്ഷിതാക്കളെയും അദ്ധ്യാപകരെയും ഇത് ആശങ്കയിലാക്കുന്നു.
2870 പേർക്കാണ് ഈ മാസം മാത്രം മുണ്ടിനീര് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 10ന് 328 പേർക്കും ഈ വർഷം ആകെ 69113 പേർക്കും രോഗം റിപ്പോർട്ട് ചെയ്തു.ഈ വർഷം മലപ്പുറത്തും കണ്ണൂരും 10000ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

വായുവിലൂടെ പകരുന്ന രോഗമായതിനാൽ ഒ.പിയെടുക്കാൻ വരുന്നവരിൽ നിന്നും ഡോക്ടർമാർക്കും പകരുന്നുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ടു ഡോക്ടർമാർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു . വൈറസിന്റെ വകഭേദമാണ് വ്യാപനതീവ്രത വർദ്ധിപ്പിക്കുന്നതെന്നും പതിനഞ്ച് വയസ് വരെയുള്ള കുട്ടികളിൽ മാത്രം ഉണ്ടാവുന്ന രോഗം മുതിർന്നവരിലേക്കും വ്യാപിക്കുന്നതിന് കാരണം കാലാവസ്ഥാവ്യതിയാനമാണെന്നും വിദഗ്ദ്ധർ അറിയിച്ചു.
കടുത്ത പനി, ചുമ, തൊണ്ടവേദന, വയറുവേദന, പുറംവേദന, വിശപ്പില്ലായ്മ, പേശി, ശരീരവേദന എന്നീലക്ഷണങ്ങൾ കാണിക്കുമ്പോൾ സാധാരണ പനിയാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിപ്പിക്കരുതെന്നും ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. രോഗം തലച്ചോറിലേക്ക് വ്യാപിച്ചാൽ സങ്കീർണമാകും.