
സംസ്ഥാനത്ത് ഇനി മുതൽ സ്വർണത്തിന് ഇ-വേ ബിൽ നിർബന്ധമാകും
- 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നിർബന്ധമാക്കി സംസ്ഥാന ജിഎസ്ടി വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നിർബന്ധമാക്കി സംസ്ഥാന ജിഎസ്ടി വകുപ്പ്. ജനുവരി 1 മുതൽ ഇത് നടപ്പാക്കിയിരുന്നെങ്കിലും സംസ്ഥാന ജിഎസ്ടി പോർട്ടലിലെ സാങ്കേതിക തകരാർ മൂലം താത്കാലികമായി മരവിപ്പിച്ചതായി ജനുവരി 9ന് ജിഎസ്‌ടി കമ്മീഷ്ണർ അജിത് പാട്ടീൽ അറിയിച്ചിരുന്നു. പോർട്ടലിലെ പ്രശ്നങ്ങൾ പരിഹരിച്ചതോടെയാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ നിയമം പ്രാബല്യത്തിലാകുന്നത്. ഡിസംബർ 27നാണ് ഇ-വേ ബിൽ നിർബന്ധമാക്കുന്ന ഉത്തരവ് ജിഎസ്ടി വകുപ്പ് പുറത്തിറക്കിയത്.

വിൽപ്പനയ്ക്കും അല്ലാതെയും അൺരജിസ്റ്റേഡ് വ്യക്തികളിൽ നിന്ന് വാങ്ങുന്ന സ്വർണത്തിന് 10 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുണ്ടെങ്കിൽ ഇ-വേ ബിൽ വേണമെന്നാണ് നിയമം.സ്വർണം, വെള്ളി, പ്ലാറ്റിനം പോലെ വിലപിടിപ്പുള്ള ലോഹ നിർമിത ആഭരണങ്ങൾ (10 ലക്ഷമോ അതിലധികമോ തുകയ്ക്കുള്ളത്), വിൽപ്പന, ജോബ് വർക്ക്, സ്റ്റോക്ക് ട്രാൻസ്ഫർ, പ്രദർശനം തുടങ്ങിയവയുടെ ഭാഗമായി വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഇവേ ബിൽ എടുക്കണം. കൊണ്ടു പോകുന്ന സ്വർണത്തിന്റെ പൂർണ വിവരങ്ങൾ കാണിച്ചായിരിയ്ക്കണം ബിൽ എടുക്കേണ്ടത്.