
സംസ്ഥാനപുരസ്കാര നിറവിൽ പാലോറ എൻഎസ്എസ് യൂണിറ്റ്
- ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ നടപ്പാക്കിയ പദ്ധതിയാണ് സ്നേഹാരാമം.

ഉള്ളിയേരി: പാലോറ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംസ്ഥാന അവാർഡിന് അർഹമായി. സ്നേഹാരാമം പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ നടപ്പാക്കിയ പദ്ധതിയാണ് സ്നേഹാരാമം. എൻഎസ്എസ് യൂണിറ്റ് സ്നേഹാരാമം നിർമിച്ചത് ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തിലെ പുത്തഞ്ചേരി പുഴയോരത്താണ്. ഈ പദ്ധതിയുടെ ലക്ഷ്യം മാലിന്യമുള്ള ഒരു പൊതുസ്ഥലം വൃത്തിയാക്കി അവിടെ ആരാമം ഉണ്ടാക്കി പൊതുജനങ്ങൾക്ക് കൊടുക്കുക എന്നതായിരുന്നു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായാണിത്.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ച് 28-ന് നടക്കുന്ന പരിപാടിയിൽ പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പുരസ്കാരം നൽകും. അവാർഡിന് അർഹരായ എൻഎസ്എസ് യൂണിറ്റിനെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി.അജിത, പ്രിൻസിപ്പൽ ടി.പി. ദിനേശൻ, പി.ടി.എ. പ്രസിഡൻ്റ് ടി.എം.സത്യൻ, സി.എം. ഹരിപ്രിയ എന്നിവർ അനുമോദിച്ചു. ഏഴ് ദിവസത്തെ എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി 50-വൊളന്റിയർമാരാണ് നാട്ടുകാരുടെ സഹായത്തോടെ സ്നേഹാരാമം ഉണ്ടാക്കിയത്.