
സംസ്ഥാന ബജറ്റ് നാളെ
- ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യത
തിരുവനന്തപുരം:നാളെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കാൻ കൂടുതൽ ഇളവ് പ്രഖ്യാപിക്കാൻ സാധ്യത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്തവർഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുൻനിർത്തി ക്ഷേമപദ്ധതികൾക്കാകും മുൻതൂക്കം.കിഫ്ബിക്ക് വരുമാനം കൂട്ടുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്.വരുമാനമില്ലാത്ത പൊതുസൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം വാണിജ്യമാതൃകയിലുള്ള ഐ.ടി പാർക്കുകൾ, വ്യവസായ പാർക്കുകൾ മുതലായവയ്ക്ക് മുൻഗണന നൽകാനാണ് ആലോചന.

റോഡ് ടോൾ പോലെ ജനങ്ങൾക്ക് ബാധ്യതയുണ്ടാക്കുന്ന നിർദേശങ്ങൾ സ്വീകരിക്കാനിടയില്ല. ക്ഷേമപെൻഷൻ കൂട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും ചർച്ച നടത്തി. 800 രൂപ കൂട്ടിയാലേ പ്രകടനപത്രികാ വാഗ്ദാനമായ 2500 എത്തൂ. അതിന് സാമ്പത്തിക പ്രതിസന്ധി തടസ്സം. 200 രൂപയെങ്കിലും കൂട്ടാനും സാധ്യതയുണ്ട്.