
സംസ്ഥാന സ്ക്കൂൾ കായിക മേള നവംബർ 4 മുതൽ, കലോത്സവം ജനുവരി 4 മുതൽ ;രാവും പകലും കായിക മേള – മന്ത്രി വി.ശിവൻ കുട്ടി
- കൂടുതൽ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി സമ്മാനമായി നൽകുമെന്നും മന്ത്രി
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേള നവംബർ 4നും, കലോത്സവം ജനുവരി 4നും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കായിക മേള നവംബർ 4 മുതൽ 11 വരെയാണ് നടക്കുക. എറണാകുളത്ത് 17 വേദികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സ്ക്കൂൾ കായിക മേള ഒളിപിക്സ് മാതൃകയിലാണ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു. കായികമേളയുടെ ഉദ്ഘാടന വേദിയിൽ മമ്മൂട്ടി എത്തും. 24000 കായികതാരങ്ങൾ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി സമ്മാനമായി നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തക്കുടു അണ്ണാറക്കണ്ണനാണ് 2024 സ്‌കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലുമായി മത്സരങ്ങൾ നടക്കും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ (ഭിന്നശേഷി) കൂടി ഉൾപ്പെടുത്തിയാകും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്താണ് നടക്കുക. സ്കൂൾ ശാസ്ത്രമേള ആലപ്പുഴയിൽ നടക്കും. നവംബർ 15 മുതൽ 18വരെയാണ് ശാസ്ത്രമേള നടക്കുക.
കായികമേള സ്‌കൂൾ ഒളിംപിക്സ് എന്ന് പേര് മാറ്റാനായി ഒളിംപിക്‌സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടർന്ന് മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ നിയമ പ്രശ്നം വരാതിരിക്കാൻ സ്‌കൂൾ ഒളിമ്പിക്സ് എന്ന പേര് ഇത്തവണ ഉപയോഗിക്കില്ലെന്നും മന്ത്രി പറഞ്ഞു.