
സംസ്ഥാന സർക്കാരുമായി യോജിച്ച സമരത്തിനും തയ്യാർ – കെ സുധാകരൻ
- മനുഷ്യത്വ രഹിതമായ അവഗണന അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കെ സുധാകരൻ
തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കൽ വ്യവസ്ഥയോടെ വായ്‌പ അനുവദിച്ച കേന്ദ്ര നടപടി ബി ജെ പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി പറഞ്ഞു . വായ്പ വിനിയോഗത്തിന് ഒന്നരമാസം കാലാവധി നിശ്ചയിച്ചത് പ്രയോഗികവുമല്ല കേരളം ഈ വായ്പ ഒരു കാരണവശാലം ഉപയോഗിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. കേരള ജനതയെയും വയനാടിനെയും കേന്ദ്രസർക്കാർ മനഃപൂർവ്വം ദ്രോഹിക്കുകയാണ് രാഷ്ട്രീയ വിവേചനമാണ് മോദി ഭരണകൂടം കാട്ടുന്നത്.കേരളം വയനാട് പുനരധിവാസത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അവശ്യപ്പെടുമ്പോൾ ഉപാധികളോടെ വായ്‌പ അനുവദിക്കുന്ന നടപടി കേട്ടുകേൾവിയില്ലാത്തത്.

കേരളം 2000 കോടി ആവശ്യപ്പെട്ടപ്പോൾ അതിന്റെ നാലിലൊന്നായ 529.50 കോടിരൂപയാണ് വായ്പയായി അനുവദിച്ചത്. ഇത് കേരള ജനതയോടുള്ള പരിഹാസമാണ്. മനുഷ്യത്വ രഹിതമായ അവഗണന അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കെ സുധാകരൻ പറഞ്ഞു.