
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷന് പകരം അഡ്വേഡ് പെൻഷൻ പദ്ധതി നടപ്പാക്കും- ധനമന്ത്രി കെ.എൻ ബാലഗോപാൽ
- ഡിഎ കുടിശിക അടക്കം ജീവനക്കാരുടേയും പെൻഷൻകാരുടേയും ഒരു ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞുവെക്കില്ലയെന്നും ശമ്പള പരിഷ്കരണ ചർച്ചകളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷന് പകരം അഡ്വേഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഡിഎ കുടിശിക അടക്കം ജീവനക്കാരുടേയും പെൻഷൻകാരുടേയും ഒരു ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞുവെക്കില്ലയെന്നും ശമ്പള പരിഷ്കരണ ചർച്ചകളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

2013 ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി അധികാരത്തിൽ എത്തിയാൽ ഉടൻ പിൻവലിക്കുമെന്ന് അന്നേ ഇടതു മുന്നണി വാഗ്ദാനം ചെയ്‌തതാണ്. പത്തു വർഷം ഭരിച്ചിട്ടും ഈ വാഗ്ദാനം നടപ്പായില്ല. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിൻവാങ്ങുമ്പോഴും സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായത്തിലേയ്ക്ക് മടങ്ങിപ്പോക്കില്ല. ജീവനക്കാർ ശമ്പളത്തിൽ നിന്ന് വിഹിതം അടയ്ക്കേണ്ട അഡ്വേഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. പുതുതായി വരുന്ന പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തു വിട്ടിട്ടില്ല. അവസാന ശമ്പളത്തിന്റെ പകുതി പെൻഷൻ വാഗ്ദാനം ചെയ്യുന്ന അഷേഡ് പെൻഷൻ പദ്ധതി തമിഴ്നാട്ടിൽ നടപ്പാക്കിയിരുന്നു. ഡിഎ അവകാശമല്ലെന്ന് വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയെന്ന റിപ്പോർട്ട് പുറത്തുവന്നതിനിടെയാണ് ഒരു ആനൂകൂല്യവും തടഞ്ഞുവയ്ക്കില്ലെന്ന ധനമന്ത്രിയുടെ വിശദീകരണം.
