
സച്ചിദാനന്ദനെ ഒഴിവാക്കില്ല; സാഹിത്യ അക്കാദമിയിൽ സർക്കാരിന്റെ ‘സമാധാന നീക്കം’
- നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ.സച്ചിദാനന്ദന്റെ പ്രസ്‌താവന സിപിഎമ്മിനെയും സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തു തുടർഭരണം വേണ്ടെന്ന് വിവാദപ്രസ്താവന നടത്തിയ സാഹിത്യകാരൻ കെ.സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ.സച്ചിദാനന്ദന്റെ പ്രസ്‌താവന സിപിഎമ്മിനെയും സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ തൽക്കാലം സച്ചിദാനന്ദനെ പിണക്കാതെ മുന്നോട്ടുപോകാം എന്ന നിലപാടിലാണ് ഭരണസമിതിയുടെ കാലാവധി മേയ് 31 വരെ നീട്ടിയിരിക്കുന്നത്. ഇപ്പോൾ ഭരണസമിതിയെ മാറ്റിയാൽ സർക്കാരിനെ വിമർശിച്ചതിന്റെ പ്രതികാരമായി വിലയിരുത്തപ്പെടാം എന്ന ആശങ്കയും തീരുമാനത്തിനു പിന്നിലുണ്ട്.

2022ൽ ചുമതലയേറ്റ സമിതിയുടെ കാലാവധി മാർച്ചിൽ അവസാനിക്കേണ്ടതായിരുന്നു. കേരളത്തിനു നല്ലത് രണ്ടു മുന്നണികളും മാറിമാറി ഭരണിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമാണെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. ഇതിനെതിരെ ഇടതു നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. സർക്കാരിനെ വിമർശിച്ച കെ.സച്ചിദാനന്ദനെ മാറ്റാത്ത സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നു തന്നെ ഒഴിവാക്കിയതിനെതിരെ കടുത്ത വിമർശനമുന്നയിച്ച് നടൻ പ്രേംകുമാർ രംഗത്തെത്തിയിരുന്നു. പ്രേംകുമാർ കോൺഗ്രസിലേക്കാണെന്നും കഴക്കൂട്ടത്തു മത്സരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
