
സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീം പരിശീലന ക്യാമ്പിന് കണ്ണൂരിൽ തുടക്കം
- ക്യാമ്പിനൊടുവിൽ ഫൈനൽ റൗണ്ടിലിറങ്ങുന്ന 23 അംഗ ടീമിനെ തെരഞ്ഞെടുക്കും
കണ്ണൂർ : സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീം പരിശീലന ക്യാമ്പിന് കണ്ണൂരിൽ തുടക്കം.സൂപ്പർ ലീഗ് കേരളയിൽ നിന്നും സംസ്ഥാന സീനിയർ ഫുട്ബോളിൽ നിന്നും തെരഞ്ഞെടുത്ത 35 താരങ്ങളാണ് കണ്ണൂരിൽ നടക്കുന്ന ക്യാമ്പിലുള്ളത്. കിരീടം തിരിച്ചുപിടിക്കാനുറച്ചാണ് ടീമിറങ്ങുന്നതെന്ന് മുഖ്യ പരിശീലകൻ ഷഫീഖ് ഹസൻ പറഞ്ഞു. ഹൈദരാബാദിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടപ്പെട്ടതാണ് എട്ടാം കിരീടം. ജനുവരിയിൽ അസമിൽ പന്തു തട്ടുമ്പോൾ കേരള സന്തോഷ് ട്രോഫി ടീമിന് ഒരൊറ്റ ലക്ഷ്യം മാത്രം, ആ കിരീടം തിരിച്ചു പിടിക്കണം.

ക്യാമ്പിനൊടുവിൽ ഫൈനൽ റൗണ്ടിലിറങ്ങുന്ന 23 അംഗ ടീമിനെ തെരഞ്ഞെടുക്കും. പരിചയ സമ്പന്നനായ എബിൻ റോസാണ് സഹപരിശീലകൻ. ഇന്ത്യൻ മുൻതാരം കെ ടി ചാക്കോയാണ് ഗോൾകീപ്പർ കോച്ച്. സൂപ്പർ ലീഗ് മത്സരത്തിനൊരുങ്ങിയ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ പരിശീലനം ടീമിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
CATEGORIES News
