
സപ്ലൈക്കോ മുളകിനും വെളിച്ചെണ്ണയ്ക്കും വിലയിൽ മാറ്റം
- വെളിച്ചെണ്ണയ്ക്ക് 10 രൂപ കൂട്ടി, മുളക് അരക്കിലോയ്ക്ക് 8 രൂപ കുറച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില പരിഷ്കരിച്ചു. ഇതുസംബന്ധിച്ച് ഭക്ഷ്യ വിതരണ വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം വെളിച്ചെണ്ണയ്ക്ക് വില കൂടുകയും മുളകിന് കുറയുകയും ചെയ്യും.സബ്‌സിഡിയിൽ നൽകുന്ന വെളിച്ചെണ്ണ, മുളക് ഇനങ്ങളിലാണ് മാറ്റം. അര ലിറ്റർ വെളിച്ചെണ്ണയ്ക്ക് 10 രൂപ കൂട്ടി. 65 രൂപ ആയിരുന്ന വെളിച്ചെണ്ണ ഇനി മുതൽ 75 രൂപയാകും. മുളക് അരക്കിലോയ്ക്ക് 8 രൂപ കുറച്ചു . 73 രൂപ ആയിരുന്ന മുളകിന് 65 രൂപ ആയി.

സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്സിഡി ഇനങ്ങളുടെ വില നേരത്തെ പരിഷ്കരിച്ചിരുന്നു.പൊതു വിപണി നിരക്കുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുളകിന്റെയും വെളിച്ചെണ്ണയുടെയും വിലയിൽ മാറ്റം വരുത്തിയതെന്ന് ഭക്ഷ്യ വിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പൊതു വിപണിയിൽ മുളകിന്റെ വില കുറയുകയും വെളിച്ചെണ്ണയ്ക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സപ്ലൈക്കോയിൽ വില മാറ്റം.