
സമുദ്ര സാഹസിക വിനോദസഞ്ചാര പദ്ധതി പ്രഖ്യാപിച്ച് സൗദി
- ലോകത്തിലെ തന്നെ ആദ്യത്തെ സമുദ്ര സാഹസിക വിനോദസഞ്ചാര കേന്ദ്ര പദ്ധതിയാണിത്.
സൗദി: ലോകത്തിലെ ആദ്യത്തെ സമുദ്ര സാഹസിക വിനോദസഞ്ചാര കേന്ദ്ര പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഉള്‍ക്കടലിലെ എണ്ണപ്പാടങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാഹസിക ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി ‘ദി റിഗ്’ (THE RIG) ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ മാസ്റ്റര്‍പ്ലാനും പുറത്തിറക്കി. അടുത്തിടെ ലോകനിലവാരത്തില്‍ സമുദ്ര കായിക വിനോദങ്ങളിലും സാഹസിക വിനോദസഞ്ചാരത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ ഉതകുന്ന നൂതന കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് ‘ദി റിഗ്’ പദ്ധതി.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പൂര്‍ണ ഉടമസ്ഥതയിലുള്ള ജോയിന്റ് സ്റ്റോക്ക് കമ്പനിയായ ഓയില്‍ പാര്‍ക്ക് ഡെവലപ്മെന്റ് കമ്പനി (ഒപിഡിസി) ആണ് പദ്ധതി നടപ്പാക്കുന്നത്. വിനോദ സഞ്ചാരം വര്‍ധിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, നിക്ഷേപം ആകര്‍ഷിക്കുക സമ്പദ് വ്യവസ്ഥയെ, വൈവിധ്യവത്കരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. സൗദി വിഷന്‍ 2030- ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തീരപ്രദേശത്ത് നിന്ന് 40- കിലോമീറ്റര്‍ അകലെ അല്‍ ജുറൈദ് ദ്വീപിനും അറേബ്യന്‍ ഗള്‍ഫിലെ ബെറി എണ്ണപ്പാടത്തിനും സമീപം മൂന്ന് ലക്ഷം ചതുരശ്ര മീറ്ററിലധികം കെട്ടിട വിസ്തീര്‍ണത്തിലുള്ള പദ്ധതിയാണിത്.
2032 -ൽ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് . പ്രതിവര്‍ഷം ഒമ്പത് ലക്ഷം ആഭ്യന്തര, പ്രാദേശിക, അന്തര്‍ദേശീയ സന്ദര്‍ശകരെ ദി റിഗ് ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. വിനോദവും സാഹസികതയും ഇഷ്ടപ്പെടുന്നവര്‍, പര്യവേക്ഷകര്‍, അവധിക്കാല വിശ്രമ കേന്ദ്രങ്ങള്‍ തേടുന്നവര്‍ എന്നിവരെയാണ് ലക്ഷ്യമിടുന്നത്