
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ; വാർത്തകൾ പ്രചരിപ്പിച്ചവർക്ക് മുന്നറിയിപ്പുമായി എ.ആർ റഹ്മാൻ
- നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വക്കേറ്റ്സ് ആണ് എ.ആർ. റഹ്മാനുവേണ്ടി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്
ചെന്നൈ: സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചവർക്ക് മുന്നറിയിപ്പുമായി സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വക്കേറ്റ്സ് ആണ് എ.ആർ. റഹ്മാനുവേണ്ടി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാണ് നോട്ടീസിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് എ.ആർ റഹ്മാൻ ഭാര്യ സൈറാബാനുവുമായിട്ടുള്ള വിവാഹമോചന വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. തുടർന്ന് മണിക്കൂറുകൾക്കകം റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചു. ഇതോടെ റഹ്മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകളുയർന്നു. മോഹിനിയും റഹ്മാന്റെ മക്കളും ഈ അഭ്യൂഹങ്ങളെ വിമർശിക്കുകയും തള്ളിക്കളയുകയും ചെയ്‌തിരുന്നു.