
സിഎം കിഡ്‌സ് സ്കോളർഷിപ്പിന് നാല്, ഏഴ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ജനുവരി 19 വരെ അപേക്ഷിക്കാം
- 2026 ഫെബ്രുവരി 26-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സിഎം കിഡ്സ് സ്കോളർഷിപ്പ് (എൽ.പി/യു.പി വിഭാഗം) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. പുതുക്കിയ വിജ്ഞാപന പ്രകാരം വിദ്യാർത്ഥികൾക്ക് ജനുവരി 19 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ജനുവരി 15 ആയിരുന്നു മുൻപ് രജിസ്ട്രേഷന്റെ അവസാന തീയതി. എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളെ ഏകീകരിച്ചാണ് ഈ വർഷം മുതൽ ‘സി.എം. കിഡ്സ് സ്കോളർഷിപ്പ്’ എന്ന പേരിൽ പരീക്ഷ നടത്തുന്നത്.2026 ഫെബ്രുവരി 26-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷ ഫെബ്രുവരി 26-ന് രണ്ട് പേപ്പറുകളിലായാണ് നടത്തുക.രാവിലെ 10 മുതൽ 12 വരെ ഒന്നാം പേപ്പറും, ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ രണ്ടാം പേപ്പറുമാണ് നടക്കുക.

നിശ്ചിത കട്ട് ഓഫ് മാർക്ക് നേടി വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം സ്കോളർഷിപ്പ് തുക ലഭിക്കും. എൽ.പി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വർഷം 1,000 രൂപ വീതം മൂന്ന് വർഷത്തേക്കും, യു.പി വിഭാഗത്തിന് വർഷം 1,500 രൂപ വീതം മൂന്ന് വർഷത്തേക്കുമാണ് സ്കോളർഷിപ്പ് അനുവദിക്കുക. വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലായ bpekerala.in മുഖേന സ്കൂൾ പ്രധാനാധ്യാപകർ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
