
സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ല, ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം; ഒടുവില്‍ പ്രതികരിച്ച് ‘അമ്മ’
- തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ദിവസങ്ങൾക്കു ശേഷം മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
‘അമ്മ’ ഒളിച്ചോടില്ലെന്നും പ്രതികരണം വൈകിയത് ഷോയുടെ തിരക്കിലായതിനാലാണെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് പ്രതികരിച്ചു. മലയാള സിനിമയെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും, സിനിമയിൽ എല്ലാവരും മോശക്കാരാണ് എന്ന അക്ഷേപം ദുഃഖകരമാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. 2006 ൽ നടന്ന സംഭവത്തെ പറ്റി ഒരു പരാതി മുമ്പ് കിട്ടിയിരുന്നു. അത് ഒഴിവാക്കാൻ പാടില്ലായിരുന്നു. അതിൽ ഇനി എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്ന് ആലോചിക്കും. അത് മാത്രമാണ് അമ്മയ്ക്ക് കിട്ടിയ ഏക പരാതിയെന്നും സിദ്ദിഖ് പ്രതികരിച്ചു.