
സിമൈസ്‌മ; 2000 കോടി റിയാൽ നിക്ഷേപം – ഖത്തറിൽ വിനോദ സഞ്ചാര പദ്ധതി
- പുതിയ തൊഴിൽ സാധ്യതകൾ തുറന്ന് ഖത്തർ
ദോഹ: ഫിഫ ലോകകപ്പിന് ശേഷം പുതിയ തൊഴിൽ സാധ്യതകൾ തുറന്ന് ഖത്തർ. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പദ്ധതിയായ സിമൈസ്‌മ പദ്ധതിയുടെ പ്രവൃത്തി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്ഘാടനം ചെയ്‌തു. 80 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്ത് 2000 കോടി റിയാൽ ചെലവിലാണ് പുതിയ ടൂറിസം പദ്ധതി വരുന്നത്. ഖത്തരി ദിയായർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിക്കാണ് നിർമാണച്ചുമതല. പദ്ധതിയുടെ നിർമാണ ഘട്ടത്തിലും പൂർത്തിയായ ശേഷവും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ പദ്ധതിലൂടെ കൈവരും.

ഖത്തറിന്റെ കിഴക്കൻ തീരത്ത് ഏഴ് കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശത്താണ് സിമൈസ്‌മ പ്രൊജക്ട് വരുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ ഖത്തറിലെ തന്നെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായി കിഴക്കൻ തീരത്തെ സിമൈസ് മാറും. വിനോദസഞ്ചാര മേഖലയിൽ 16 സോണുകളിലായാണ് നിർമാണം. നാല് സോണുകളിൽ റിസോർട്ടുകൾ അടക്കമുള്ള സൗകര്യങ്ങളുണ്ടാകും. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്ലബ് ഹൗസ്, അമ്യൂസ്മെന്റ് പാർക്ക്, ഗോൾഫ് കോഴ്സ്, റെസിഡൻഷ്യൽ വില്ലകൾ, ആഢംബര മറീന, ലോകോത്തര റെസ്റ്റോറന്റുകൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. പദ്ധതിയുടെ എട്ട് ശതമാനം പങ്കാളിത്തമായിരിക്കും സ്വകാര്യ മേഖലക്കായി നീക്കിവയ്ക്കുക.