
സി.ഐ.എസ്.എഫ്. അംഗങ്ങൾക്ക് ഇനി ജോലിസ്ഥലം സ്വയം തീരുമാനിക്കാം
- 10 വർഷത്തെ സേവനം പൂർത്തിയായവർക്കാണ് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കുക
മലപ്പുറം :കേന്ദ്ര വ്യവസായ സുരക്ഷാസേനയിലെ (സി.ഐ.എസ്.എഫ്.) ജീവനക്കാർക്ക് ജോലിസ്ഥലം ഇഷ്ടം പോലെ തിരഞ്ഞെടുക്കാൻ അനുമതി നൽകി. 10 വർഷത്തെ സേവനം പൂർത്തിയായവർക്കാണ് ഇഷ്ടപ്പെട്ടയിടത്തേക്ക് സ്ഥലംമാറ്റം ലഭിക്കുക.കൂടാതെ വനിതകൾക്കും വിരമിക്കാറായവർക്കും കൂടുതൽ പരിഗണന കിട്ടും.സേനാംഗങ്ങൾക്ക് ഇഷ്ടപ്പെട്ട 10 സ്ഥലങ്ങൾ നിർദേശമായി നൽകാം. ഇതിൽ ഒഴിവുള്ള സ്ഥലം അനുവദിക്കും. വിരമിക്കാറായവർക്ക് മൂന്നു സ്ഥലങ്ങൾ നിർദേശിക്കുന്നതിലൊന്നിൽ നിയമനം നൽകും.സ്ഥലം മാറ്റത്തിൽ ഇവർക്ക് ആദ്യ പരിഗണന നൽകും.

നിലവിൽ വിരമിക്കുന്നതിന് ഒരുവർഷം മുൻപായിരുന്നു ഇഷ്‌ടപ്പെട്ടയിടത്തേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകാനാകുക. ഇത് രണ്ടുവർഷമാക്കിയിട്ടുമുണ്ട്.
വനിതകൾക്കും ദമ്പതിമാരായ സേനാംഗങ്ങൾക്കും ആറുവർഷത്തെ സേവനത്തിനുശേഷം ഇഷ്ടപ്പെട്ടയിടത്തേക്ക് നിയമനം ലഭിക്കും. ദമ്പതിമാർക്ക് ഒരേയിടത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നരീതിയിൽ സ്ഥലംമാറ്റം ക്രമപ്പെടുത്തും.