
സുനിത വില്യംസിൻ്റെ മടക്കം ഈ വർഷമില്ല
- മടക്കം സ്പെയ്‌സ് എക്സിൻ്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിൽ
വാഷിങ്ടൺ: സുനിത വില്യംസിൻ്റെയും ബുച്ച് വിൽമോറിന്റെയും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്നുള്ള മടക്കം സ്പെയ്‌സ് എക്സിൻ്റെ ക്രൂ 9 ഡ്രാഗൺ പേടകത്തിൽ. 2025 ഫെബ്രുവരിയിലായിരിക്കും ഇരുവരുടെയും മടക്കമെന്ന് നാസ സ്ഥിരീകരിച്ചു. ബോയിങ് കമ്പനിയുടെ സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ തിരികെകൊണ്ടുവരും. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് സ്റ്റാർലൈനറിലെ മടക്കം ഒഴിവാക്കുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു. സെപ്‌തംബർ ആദ്യവാരത്തോടെ സ്റ്റാർലൈനർ സുരക്ഷിതമായി തിരിച്ചെത്തിക്കാനാണ് ശ്രമം.
ജൂൺ അഞ്ചിനാണ് ബോയിങ് കമ്പനിയുടെ സ്റ്റാർലൈനർ പേടകത്തിൽ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെട്ടത്. എട്ടു ദിവസത്തിനകം മടങ്ങാനായിരുന്നു പദ്ധതി. വിക്ഷേപണത്തിനു പിന്നാലെ സ്റ്റാർലൈനർ സർവീസ് മൊഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ചയാണ് പ്രതിസന്ധി സൃഷ്ടിച്ചത്.