
സൂര്യാഘാതം; ചില്ലറക്കാരനല്ല
- സൂര്യാഘാതം രണ്ടുവിധത്തിലുണ്ട്
എന്താണ് സൂര്യാഘാതം?
സൂര്യനില്‍ നിന്നുളള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അന്തരീക്ഷ താപനില ഒരു പരിധിക്കപ്പുറം ക്രമാതീതമായി ഉയരുമ്പോൾ മനുഷ്യ ശരീരത്തിന്റെ താപ നിയന്ത്രണ സംവിധാനങ്ങള്‍ നശിക്കുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു.
സൂര്യാഘാതം അടിയന്തര ചികിത്സ ലഭിക്കേണ്ട അവസ്ഥയാണ്. ശരീരത്തിലുണ്ടാകുന്ന താപം വളരെ കൂടിയാൽ അത് അന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും മരണത്തിനുവരെ കാരണമാവുന്നു. 40 ഡിഗ്രി ചൂട് എന്നത് 104 ഡിഗ്രി ഫാരൻഹീറ്റാണ്. അതായത് അതി കഠിനമായ പനിയുടെ അവസ്ഥ. ശരീരത്തിൽ ഇങ്ങനെ ചൂട് മണിക്കൂറുകൾ കൂടി നിന്നാൽ അത് ശരീരത്തിന് താങ്ങാനാവില്ല.
അമിത ചൂടിൽ രക്തത്തിന്റെ ഘടനയിൽ മാറ്റവരും. ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലറ്റ് തുടങ്ങിയ ഘടകങ്ങളുടെ അളവുകൾ മാറും. പിന്നീട് രക്തം കട്ടപിടിക്കുന്ന സാഹചര്യത്തിലേക്കും ഇത് ഹൃദയം, മസ്തിഷം എന്നിവയെ ബാധിക്കുകയും ചെയ്യുന്നു. പേശികൾക്ക് ക്ഷതം സംഭവിച്ച് മയോഗ്ലോബിൻ എന്ന പ്രോട്ടീൻ ചോർന്ന് രക്തത്തിലെത്താം. അത് പിന്നീട് വൃക്കകളെയും ബാധിക്കും. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ അളവിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു.
സൂര്യാഘാതം രണ്ടുവിധത്തിലുണ്ട്
ക്ലാസിക് ഹീറ്റ് സ്ട്രോക്ക്: ഈ അവസ്ഥ പ്രധാനമായും പ്രായമേറിയവരിലാണ് കാണുന്നത്. ഇവരിൽ പലരും പ്രമേഹം, അമിത ബി.പി. തുടങ്ങിയ അസുഖമുള്ളവരാവും. ഇവർക്ക് ചർമം വരണ്ടിരിക്കും അതുകൊണ്ടുതന്നെ ശരീരത്തിലെ ചൂട് പുറത്തുകളയാനുള്ള സംവിധാനം ഇവരിൽ ശരിയായി പ്രവർത്തിച്ചെന്നുവരില്ല. ഇത്തരം വ്യക്തികൾക്ക് ഉഷ്ണതരംഗം ഉണ്ടാകുമ്പോൾ വീട്ടിനകത്തായാലും സൂര്യാഘാതം സംഭവിക്കാം.
എക്സേർഷണൽ ഹീറ്റ് സ്ട്രോക്ക്: സൂര്യ കിരണങ്ങൾ ശരീരത്തിൽ നേരിട്ട് ഏൽക്കുകയും വെയിലത്തു അമിതമായി അധ്വാനിക്കുമ്പോഴും ദീർഘനേരം വെയിൽ കൊള്ളുമ്പോഴും സംഭവിക്കുന്നു. ഇത്തരം വ്യക്തികൾ അമിതമായി വിയർക്കും.