
സൈബർ ആക്രമണത്തിനെതിരെ – പരാതിയുമായി കെ.കെ. ശൈലജ
- യുഡിഎഫിനെതിരെ ഗുരുതര ആരോപണം
കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും അവരുടെ മീഡിയ വിഭാഗവും തന്നെ തേജോവധം ചെയ്യുകയാണെന്ന് കെ.കെ. ശൈലജ . തനിക്കെതിരെ വ്യാജ വീഡിയോ ക്ലിപ്പുകൾ വരെ നിർമിക്കുന്നു . അതിന് യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുകയാണെന്നും കെ.കെ.ശൈലജ പറഞ്ഞു.
എതിർ സ്ഥാനാർത്ഥി ഷാഫി പറമ്പിലിനും യുഡിഎഫിനുമെതിരെ വാർത്താസമ്മേളനത്തിലാണ് കെ. കെ. ശൈലജ ഗുരുതര ആരോപണം ഉന്നയിച്ചത്.
ഇസ്ലാം മതത്തിനിടയിൽ വ്യാപക പ്രചാരണം നടക്കുന്നു. ഇത് എതിർ സ്ഥാനാർത്ഥി അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. അദ്ദേഹത്തിൻ്റെ അറിവോടെ തന്നെയാണ് ദുഷ് പ്രചാരണം നടത്തുന്നത്.തന്നെ കരിതേച്ച് കാണിക്കുകയാണ് ഇതിന്റെ പുറകിലെ ഉദ്ദേശം. തന്നെ ജനങ്ങൾക്ക് അറിയാം. തൊഴിലുറപ്പ് സ്ത്രീകൾക്ക് അനുകൂലമായി പറഞ്ഞതും തെറ്റായി പ്രചരിപ്പിച്ചു. താൻ പല പ്രമുഖർക്ക് എതിരെയും മത്സരിച്ചിട്ടുണ്ട്. മുൻ അനുഭവങ്ങൾ ഇങ്ങിനെയായിരുന്നില്ല. എവിടുന്നോ കൊണ്ട് വന്ന സംഘമാണ് ഇതിന് പിന്നിൽ. ഇങ്ങിനെ പ്രവർത്തിച്ച് ജയിക്കാമെന്ന വ്യാമോഹം വേണ്ട. ജനം ഇതെല്ലാം മനസിലാക്കുമെന്നും ശൈലജ പറഞ്ഞു.
‘എന്റെ വടകര KL 11’ എന്ന ഇൻസ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു.പാനൂർ സ്ഫോടന കേസിലെ പ്രതി അമൽ കൃഷ്ണയുടെ കൂടെ നിൽക്കുന്ന വ്യാജ ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചു. അത് നൗഫൽ കൊട്ടിയത്ത് എന്ന കുട്ടിയുടെ ചിത്രമാണെന്നും നൗഫൽ തന്നെ ഇതിനെതിരെ രംഗത്ത് വന്നുവെന്നും കെകെ ശൈലജ കൂട്ടി ചേർത്തു. തന്റെ അഭിമുഖങ്ങളിൽ നിന്ന് അടർത്തി മാറ്റി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. കാന്തപുരത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് തനിക്കെതിരെ അപവാദ പ്രചാരണം നടത്തി. ലെറ്റർ പാഡിൽ ഇത് ടീച്ചറമ്മയല്ല ബോംബ് അമ്മ എന്ന പേരിലാണ് ഇത് പ്രചരിപ്പിച്ചത്. യുഡിഎഫ് വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. -കെകെ ശൈലജ പറഞ്ഞു.വ്യാജ പ്രചരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിക്കും നാളെ പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.