
സോഷ്യൽ മീഡിയ ഉപയോഗം കുറച്ച് മനസികാരോഗ്യം കൂട്ടാം
- ഈ ചെറിയ കാലയളവിനു ശേഷവും, സോഷ്യൽ മീഡിയയിൽ ഒരു ദിവസം 30 മിനിറ്റ് കുറവ് ചെലവഴിച്ച ഗ്രൂപ്പ് അവരുടെ ജോലി സംതൃപ്തിയും മാനസികാരോഗ്യവും ഗണ്യമായി മെച്ചപ്പെടുത്തിയതായി കണ്ടെത്താനായി.
സമൂഹ മാധ്യമങ്ങളുടെ ഉപയോഗം 30 മിനിറ്റ് കുറയ്ക്കുന്നത് മാനസികാരോഗ്യവും ജോലി സംതൃപ്തിയും മെച്ചപ്പെടുത്തുന്നുവെന്ന് പഠനം. സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം പതിവായി ഉപയോഗിക്കുന്നവർക്ക് അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്.
ജർമ്മനിയിലെ റൂർ യൂണിവേഴ്‌സിറ്റിയിലേയും ജർമ്മൻ സെന്റർ ഫോർ മെന്റൽ ഹെൽത്തിലേയും ഗവേഷകരാണ് അവരുടെ പഠനത്തിൽ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നത് ആളുകൾക്ക് അവരുടെ ജോലിയിൽ ശ്രദ്ധ ചെലുത്താനാവുമെന്ന് കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നവർക്ക് ജാേലി ചെയ്യാൻ കൂടുതൽ സമയം നൽകി. അങ്ങനെ അവർ ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കൂടുന്നതായും ജോലി എളുപ്പമാവുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ.
പഠനത്തിനായി ഗവേഷണ സംഘം 166 പേരെയാണ് തിരഞ്ഞെടുത്തത്. അവരെല്ലാം ജോലി ചെയ്യുന്നവരും ജോലിയുമായി ബന്ധപ്പെട്ടതല്ലാത്ത സോഷ്യൽ മീഡിയ ഉപയോഗത്തിനായി ഒരു ദിവസം 35 മിനിറ്റെങ്കിലും ചെലവഴിക്കുന്നവരുമാണ്. അവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. ഒന്നാമത്തെ ഗ്രുപ്പിൽ അവരുടെ സോഷ്യൽ മീഡിയ ശീലങ്ങൾ മാറ്റാതെയും രണ്ടാമത്തെ ഗ്രുപ്പിൽ സോഷ്യൽ നെറ്റ്‌വർക്കുകളിൽ ചെലവഴിക്കുന്ന സമയം ഏഴ് ദിവസത്തേക്ക് ദിവസത്തിൽ 30 മിനിറ്റ് കുറച്ചുമാണ് പഠനം നടത്തിയത്.
ഈ ചെറിയ കാലയളവിനു ശേഷവും, സോഷ്യൽ മീഡിയയിൽ ഒരു ദിവസം 30 മിനിറ്റ് കുറവ് ചെലവഴിച്ച ഗ്രൂപ്പ് അവരുടെ ജോലി സംതൃപ്തിയും മാനസികാരോഗ്യവും ഗണ്യമായി മെച്ചപ്പെടുത്തിയതായി കണ്ടെത്താനായി. പരീക്ഷണം അവസാനിച്ചതിന് ശേഷം കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഫലങ്ങൾ നിലനിൽക്കുകയും ചില സന്ദർഭങ്ങളിൽ ഈ കാലയളവിൽ മെച്ചപ്പെട്ടതായും ഗവേഷകർ പറഞ്ഞു. ആളുകൾ അവരുടെ ദൈനംദിന പ്രവർത്തനത്തിൽ പ്രത്യേകിച്ച് അമിത ജോലി അനുഭവപ്പെടുമ്പോൾ പോസിറ്റീവ് വികാരങ്ങൾ സൃഷ്ടിക്കാൻ സോഷ്യൽ നെറ്റ്‌വർക്കുകൾ അമിതമായി ഉപയോഗിക്കുന്നതായും പഠനം കണ്ടെത്തി.