
സ്കൂൾ കായിക മേളകൾ വിവാദ ട്രാക്കിലേക്ക്
- ആഗസ്റ്റ് 20ന് മുമ്പ് ഉപജില്ല ഗെയിംസ് , അത്ലറ്റിക്സ് മത്സരങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം
തിരുവനന്തപുരം: മതിയായ സമയം അനുവദിക്കാതെയും, കൂടിയാലോചനകളില്ലാതെയും ഏകപക്ഷീയമായി സംസ്ഥാന സ്ക്കൂൾ കായിക മേള തീരുമാനിച്ചത് വിവാദമാകുന്നു. പരിശീലനത്തിന് പോലും അവസരം നൽകാതെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് തിടുക്കത്തിൽ മേളകൾ പ്രഖ്യാപിച്ചതെന്നാണ് ആരോപണം. കനത്തമഴയെ തുടർന്ന് സ്കൂളുകൾ പോലും പ്രവർത്തിക്കാതിരിക്കുന്ന ഘട്ടത്തിലെ ഈ തീരുമാനം കായികതാരങ്ങൾക്ക് വലിയ തോതിൽ പ്രയാസം സൃഷ്ടിക്കും.

മത്സരങ്ങൾക്കിടയിൽ വിശ്രമവും ,സമയവും അനുവദിച്ചില്ലെങ്കിൽ കായിക താരങ്ങൾക്ക് പരിക്കുകൾക്കും , മോശം പ്രകടനത്തിനും കാരണമാകും. ഇത് കായിക താരങ്ങളുടെ മെഡൽ സ്വപ്നങ്ങൾ ഇല്ലാതാവാനും അവസരങ്ങൾ നഷ്ടപ്പെടാനും ഇടയാക്കും. ദേശീയ മത്സരങ്ങളിൽ കേരളത്തിന്റെ നേട്ടങ്ങളുടെ ഗ്രാഫ് താഴുന്നതിനും ഇത് കാരണമാകും.
ആഗസ്റ്റ് 20ന് മുമ്പ് ഉപജില്ല ഗെയിംസ് , അത്ലറ്റിക്സ് മത്സരങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം. 31 നുള്ളിൽ ജില്ലാ ഫുട്ബോൾ , ടേബിൾ ടെനീസ് മത്സരങ്ങളും , ഒക്ടോബർ 10 നകം അക്വാറ്റിക്സ്, ഗെയിംസ്, അത്ലറ്റിക് മത്സരങ്ങളും ജില്ലാ തലത്തിൽ പൂർത്തികരിക്കണമെന്നാണ് സർക്കുലറിൽ നിർദേശിച്ചിട്ടുള്ളത്.
38 ഇനങ്ങളിൽ സബ് ജൂനിയർ , ജൂനിയർ , സീനിയർ ആൺ, പെൺ, വിഭാഗങ്ങളിലായാണ് മത്സരം നടക്കേണ്ടത്. സ്കൂൾ ഒളിമ്പിക്സ് എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സാധാരണ പാദവാർഷിക പരീക്ഷകൾക്ക് ശേഷം നടേക്കേണ്ട ഗെയിംസുകൾ പരീക്ഷക്ക് മുമ്പെ ക്രമീകരിക്കുന്നത്. സ്കൂൾ തല മത്സരങ്ങൾ പോലും ആരംക്കാനാകാത്ത അവസരത്തിൽ , നൂറോളം കായിക മത്സരങ്ങൾ 20 ദിവസം കൊണ്ട് ഉപജില്ലാ തലത്തിൽ എങ്ങനെ നടത്തി തീർക്കും എന്ന ആശങ്കയിലാണ് കായികാധ്യാപകർ. ദേശീയ മത്സരങ്ങളുടെ സമയക്രമമനുസരിച്ച് സംസ്ഥാന തല മത്സരങ്ങളുടെ സമയം പുനക്രമീകരിക്കണമെന്ന് കെപിഎസ് പിഇടിഎ ജില്ലാ പ്രസിഡന്റ് എം. ഷഫീഖും സെക്രട്ടറി ആശിഷ് ബി.എന്നും പറഞ്ഞു
