
സ്ത്രീകൾക്ക് ജിംനേഷ്യം പ്രഖ്യാപിച്ച് ചക്കിട്ടപാറ പഞ്ചായത്ത് ബജറ്റ്
- വന്യജീവി ശല്യം തടയാൻ ജി ഐ നെറ്റ് സ്ഥാപിക്കാൻ 25 ലക്ഷം രൂപ.
- ചക്കിട്ടപാറയെ ഈ വർഷം മില്ലറ്റ് ഗ്രാമമാക്കി മാറ്റുമെന്നും ബജറ്റിൽ പ്രഖ്യാപനം.
ചക്കിട്ടപാറ: സ്ത്രീകൾക്ക് നാലുകേന്ദ്രങ്ങളിലായി ജിംനേഷ്യമൊരുക്കാൻ ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത്. പുതിയ ബജറ്റിലാണ് പ്രഖ്യാപനം. ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ചക്കിട്ടപാറയെ ഈ വർഷം മില്ലറ്റ് ഗ്രാമമാക്കി മാറ്റുമെന്നാണ് ബജറ്റ് നിർദേശം.
മലയോരപ്രദേശത്തെ വന്യജീവി ശല്യം തടയാൻ ജി ഐ നെറ്റ് സ്ഥാപിക്കാൻ 25- ലക്ഷം രൂപ വകയിരുത്തി. നാലാം ക്ലാസ് മുതൽ 12-ാം തരം വരെയുള്ള എല്ലാ വിദ്യാർഥികൾക്കും നീന്തൽ പരിശീലനവും നൽകും. ഹൈസ്കൂൾ, പ്ലസ്‌ടു വിദ്യാർഥികളെ ആയോധനകല പരിശീലിപ്പിക്കും. മുതുകാട് ദുരന്തനിവാരണ ആശ്വാസകേന്ദ്രത്തിനും പഞ്ചായത്തിലെ മാലിന്യ സംസ്കരണത്തിനും ബജറ്റിൽ പ്രതേക ഫണ്ട് അനുവദിച്ചു.
വനിതകളുടെ സ്വയംതൊഴിൽ യൂണിറ്റിന് 25- ലക്ഷം, ക്ഷീരകർഷകർക്ക് പാൽ ഇൻസെന്റീവിനും കാലിത്തീറ്റക്കുമായി 25-ലക്ഷം എന്നിങ്ങനെയും തുകവകയിരുത്തി. നരിനട സബ് സെൻ്റർ നവീകരണത്തിനും മുതുകാട് പറമ്പൽ അങ്കണവാടി നിർമാണത്തിനും അരക്കോടി രൂപയും അനുവദിച്ചു. മുതുകാട് നരേന്ദ്രദേവ് കോളനിയിൽ കരിയർ ഗൈഡൻസ് സെൻ്റർ നിർമിക്കാൻ 75 - ലക്ഷം രൂപയും കണ്ടെത്തി. എയ്‌ഡഡ് സ്കൂളുകൾക്ക് ശൗചാലയത്തിന് 35 - ലക്ഷം, പഞ്ചായത്ത് ഓഫീസ് നവീകരണത്തിന് അഞ്ചുലക്ഷം വകയിരുത്തി.
യുവ തലമുറയ്ക്ക് ആവേശമായി പഞ്ചായത്തിൽ പത്ത് കളിക്കളങ്ങൾക്ക് ഭൂമിവാങ്ങാൻ 20- ലക്ഷം രൂപ ബജറ്റിൽ കണ്ടെത്തി. റോഡുനിർമാണത്തിനും നവീകരണത്തിനും അഞ്ചുകോടി, ഭിന്ന ശേഷി ഉന്നമനത്തിന് 25- ലക്ഷം എന്നിവയും ബജറ്റ് ലക്ഷ്യമിടുന്നു. ലൈഫ് ഭവനപദ്ധതി പൂർത്തീകരണത്തിന് രണ്ടുകോടി, പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നവീകരണത്തിന് രണ്ടുകോടി, കാർഷിക മേഖലയ്ക്ക് അരക്കോടി, ബഡ്‌സ് സ്കൂളിന് 25 ലക്ഷവും നീക്കി വെച്ചു.
തെരുവുവിളക്ക് സ്ഥാപിക്കാൻ 25 ലക്ഷം, മുതുകാട് താന്നിയോട് ബസ് സ്‌റ്റോപ്പിന് 25 ലക്ഷം, പെരുവണ്ണാമൂഴി പി എച്ച് സിയിൽ വയോജനപാർക്കിന് പത്തുലക്ഷവും കണ്ടെത്തി. പകൽവീട് നവീകരണത്തിന് പത്തുലക്ഷം, അങ്കണവാടി നവീകരണത്തിന് 25 ലക്ഷം, കുടുംബശ്രീ ഓഫീസ് നവീകരണത്തിന് 15 ലക്ഷവും അനുവദിച്ചു.
സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ പാർക്കിന് പത്തുലക്ഷം, അങ്കണവാടി കുട്ടികൾക്ക് പാർക്കിന് പത്തുലക്ഷം എന്നിങ്ങനെ അനുവദിച്ചു. ചെമ്പനോട വായനശാലാ നവീകരണത്തി ന് അഞ്ചുലക്ഷം, പട്ടികവർഗ യുവാക്കൾ ക്ക് ബാൻഡ് സെറ്റിന് അഞ്ചുലക്ഷം എന്നിങ്ങനെയും ഫണ്ട് വകയിരുത്തി. 44.41 കോടി രൂപ വരവും 44.29 കോടിരൂപ ചെലവും പ്രതീക്ഷി ക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അവതരിപ്പിച്ചു.