
സ്റ്റാറ്റസിൽ ഇനി പാട്ടും; അപ്ഡേറ്റുമായി വാട്സ്ആപ്പ്
- ഇൻസ്റ്റഗ്രാമിന് സമാനമായി തിരഞ്ഞെടുത്ത മ്യൂസികിന്റെ ഇഷ്ടപ്പെട്ട ഭാഗം സ്റ്റാറ്റസിൽ ഉൾപെടുത്താം
വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഇനി പാട്ടും വരുന്നു. ഫേസ്ബുക്കിനെയും ഇൻസ്റ്റഗ്രാമിനെയും അപേക്ഷിച്ച് വാട്‌സ്‌ആപ്പിൽ സ്റ്റാറ്റസിനൊപ്പം പാട്ടുകളോ മ്യൂസിക് ബിറ്റുകളോ ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല.പലപ്പോഴും മറ്റ് ആപ്പുകളിൽ എഡിറ്റ് ചെയ്താണ് വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാറുള്ളത്. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾക്കൊക്കെ ഇപ്പോൾ അവസാനമായിരിക്കുകയാണ്.വാട്‌സ്ആപ്പിന്റെ്റെ പുതിയ അപ്ഡേറ്റിൽ ഇൻസ്റ്റഗ്രാമിന് സമാനമായി പ്ലാറ്റ്ഫോമിൽ നിന്ന് നേരിട്ട് സ്റ്റാറ്റസിൽ സംഗീതം ചേർക്കാൻ സാധിക്കും. WABetaInfo ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും തിരഞ്ഞെടുത്ത വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ വാട്‌സ്ആപ്പ് ബീറ്റയായി ലഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും മെറ്റ നൽകുന്ന മ്യൂസിക് ലൈബറിയിലേക്ക് വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്കും ഇനിമുതൽ ആക്‌സസ് ലഭിക്കും.ഇതോടെ ഇൻസ്റ്റഗ്രാമിന് സമാനമായി തിരഞ്ഞെടുത്ത മ്യൂസികിന്റെ ഇഷ്ടപ്പെട്ട ഭാഗം സ്റ്റാറ്റസിൽ ഉൾപെടുത്താനും സാധിക്കും.