
സ്വകാര്യ മേഖലയിലെ സ്ത്രീ പങ്കാളിത്തം വൻ വർധനയുമായി യുഎഇ
അബുദാബി: സ്ത്രീകളുടെ പങ്കാളിത്തം യുഎഇയുടെ സ്വകാര്യ തൊഴിൽമേഖലകളിൽ വർധിച്ചതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 2023-ലെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. 2022-നെ മുൻനിർത്തി തൊഴിലിടത്തെ സ്ത്രീകളുടെ പങ്കാളിത്തം 23.1 ശതമാനം വർധിച്ചതായി അധികൃതർ വ്യക്തമാക്കി .
എല്ലാവിധ മേഖലകളിലും തുല്യ അവസരങ്ങൾ നൽകാനും സ്ത്രീകളെ ശാക്തീകരിക്കാനും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനുമായി യുഎഇ യുടെ കഠിന ശ്രമങ്ങളുടെ ഫലമാണ് ഈ വർധനയെന്ന് മന്ത്രാലയം അധികൃതർ വ്യക്തമാക്കുന്നു . തൊഴിലിടത്തെ ലിംഗവിവേചനത്തിന് യുഎഇ എതിരാണ്. ഇതിനായി കൃത്യമായ നിയമനിർമാണവും രാജ്യത്തുണ്ട്. യുഎഇ തൊഴിൽ നിയമം (റെഗുലേഷൻ ഓഫ് ലേബർ റിലേഷൻസ് ലോ) ഒരേ ജോലിക്ക് പുരുഷനും സ്ത്രീക്കും തുല്യ വേതനം വ്യവസ്ഥചെയ്യുന്നുണ്ട്.
ലിംഗ, വേതന സമത്വത്തിനുപുറമേ ഉത്പാദനം, ഊർജം, കൃഷി, ഗതാഗതം, ഖനനം, നിർമാണം തുടങ്ങി വെല്ലുവിളി നിറഞ്ഞ മേഖലകളിൽ ഏതുസമയവും സ്ത്രീകൾക്ക് ജോലി ചെയ്യാനാകണമെന്നും നിയമമുണ്ട്.