
സ്വപ്നയാത്രയ്ക്ക് ഒരുങ്ങാം ; കന്യാകുമാരി- കാശ്മീർ ട്രെയിൻ സർവീസ് ഉടൻ
- കത്ര- സങ്കൽദൻ ഭാഗത്തെ സുരക്ഷാ പരിശോധന പൂർത്തിയായി
കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്കുള്ള ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു.കാശ്മീർ താഴ്വരയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിൻ്റെ ഭാഗമാണിത്.ജമ്മു- കാശ്മീർ റൂട്ടിൽ അഞ്ച് എ.സി സ്ലീപ്പർ, വന്ദേഭാരത് ട്രെയിനുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്താനും റെയിൽവേക്ക് പദ്ധതിയുണ്ട്.
കാശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് 383 കിലോമീറ്റർ നീളത്തിലുള്ള ഉധംപൂർ-ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക്. ഇതിൽ 65 കിലോമീറ്റർ വരുന്ന കത്ര- സങ്കൽദൻ ഭാഗത്തെ സുരക്ഷാ പരിശോധന പൂർത്തിയായിട്ടുണ്ട്. എന്നാൽ അൻജി ഖഡ് പാലമടക്കമുള്ള 17 കിലോമീറ്റർ ഭാഗത്താണ് ഇനി സുരക്ഷാ പരിശോധന നടത്തേണ്ടത്.

ഇതോടെ ശ്രീനഗറിലേക്ക് രാജ്യത്തിന്റെ എല്ലായിടത്ത് നിന്നും നേരിട്ടുള്ള ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ കഴിയും. ജനുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി രാജ്യത്തിന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിലെ പരിശോധന പുതിയ ട്രെയിൻ സർവീസ് കടുത്ത സുരക്ഷാ വലയത്തിലായിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാരുടെയും ട്രെയിനിന്റെയും സുരക്ഷ കണക്കിലെടുത്ത് ഓരോ സ്റ്റേഷനുകളിൽ നിന്നും കയറുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലേത് പോലുള്ള സുരക്ഷാപരിശോധനകൾ പൂർത്തിയാക്കേണ്ടി വരും.