
ഹെഡ്മാഷ് എവിടെ?
- കുട്ടികളുടെ എണ്ണം പരിഗണിക്കാതെ പ്രാധാന അധ്യാപകരെ ക്ലാസ് ചുമതലയിൽ നിന്ന് മറ്റേണ്ടത് എന്ത് കൊണ്ടും അനിവാര്യമാണ്
ജോർജ്.കെ.ടി
അധ്യാപകർ തലമുറകളുടെ വഴികാട്ടികളാണ്, ഒരു കുട്ടിയുടെ ചെറിയ ക്ലാസുകൾ അവരുടെ ജീവിതത്തെ തന്നെ പാകപ്പെടുത്തുന്ന രീതിയിൽ നിർമിക്കാൻ ചെറിയ ക്ലാസുകളെ കൊണ്ട് സാധിക്കും. അതിനാൽ തന്നെ എൽ പി ക്ലാസുകളുടെ
പ്രാധാന്യം നമുക്കെല്ലാവർക്കും അറിവുള്ളതാണ്. മലയാളം ഇംഗ്ലീഷ്
തുടങ്ങിയ ഭാഷകളുംഗണിതവും പരിസ്ഥിതി ശാസ്ത്രവുമൊക്കെ അടിത്തറ രൂപപ്പെടുത്തുന്നത് ഈ പ്രായത്തിൽ ലഭിക്കുന്ന അനുഭവങ്ങളിൽ നിന്നാണ്. ഇവിടങ്ങളിൽ അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ പഠന വിടവുകൾ പിൽക്കാലത്ത്
പൂർണ്ണമായും നികത്താനാവാത്ത ഗുരുതരഫലങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ അർഹിക്കുന്ന പ്രാധാന്യം എൽ പി ക്ലാസുകൾക്ക് ലഭിക്കുന്നുണ്ടോ എന്ന്
പൊതുസമൂഹം ചിന്തിക്കേണ്ടതുണ്ട്.

നാല് ക്ലാസുകൾ നാല് അധ്യാപകർ അതിൽ ഒരാൾ പ്രധാനാധ്യാപകനാണ്.
അതായത് ഒന്നു മുതൽ നാലു വരെയുള്ള ഏതെങ്കിലും ഒരു ക്ലാസ്സ് പൂർണമായും
അദ്ദേഹത്തിൻറെ ചുമതലയിലാണ്.എൽ പി ക്ലാസുകളിൽ ഒരു ടീച്ചർ തന്നെയാണ്
മലയാളവും ഇംഗ്ലീഷും ഗണിതവും പരിസര പഠനവും പഠിപ്പിക്കുന്നത്. അതിനും കാരണമുണ്ട്. എൽപി ക്ലാസുകളിൽ ഈ വിഷയങ്ങളൊക്കെ പരസ്പരം ചേർന്നിരിക്കുന്നു.
പൂർണ്ണമായും വേർതിരിക്കാനാവാതെ ബന്ധപ്പെട്ടിരിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയാകുമ്പോൾ ചില പ്രശ്നങ്ങളുണ്ട്.ഒരു ദിവസം ഒരു അധ്യാപിക ലീവ് ആയാൽ
ക്ലാസ്സിൽ അന്ന് പഠനം നടക്കുകയില്ല.മൂന്നാം ക്ലാസിലെ ടീച്ചർ വന്ന് നാലാം ക്ലാസിലെ കുട്ടികൾക്ക് എന്തെങ്കിലും ഒരു വർക്ക് കൊടുക്കാൻ കഴിഞ്ഞേക്കും എന്നതിലപ്പുറം
അന്നത്തെ ദിവസം ഫലത്തിൽ ശൂന്യമായിരിക്കും. കാരണം നാല് ക്ലാസുകളും
മൂന്ന് ടീച്ചർമാരും എന്നത് ഒരു ഞാണിന്‍മേല്‍ കളി തന്നെയാണ്. പ്രധാനാധ്യാപകരുടെ ക്ലാസിന്റെ സ്ഥിതി എന്തായിരിക്കുമെന്നോർത്തുനോക്കൂ?

പല ദിവസങ്ങളിലും അദ്ദേഹത്തിന് സ്കൂളിൽ എത്താൻ കഴിയില്ല.സ്കൂളിൽ ഉണ്ടായാലും അഞ്ചുമണിക്കൂർ തികച്ചും ക്ലാസ് മുറിയിൽ ചെലവഴിക്കാൻ കഴിയാത്തവിധം ജോലികളാണ് ഒരു പ്രധാനധ്യാപകന്ടെത്. ഉച്ചഭക്ഷണം ശമ്പള ബിൽ, പഞ്ചായത്ത്
ഗ്രാൻ്റുകൾ, പാഠപുസ്തകം, യൂണിഫോം ,മേജർ റിപ്പയർവർക്കുകൾ, കുടിവെള്ള പരിശോധന, ഫിറ്റ്നസ് പരിശോധന പരിശീലനങ്ങൾ, അവലോകന കൂടിയിരിപ്പുകൾ,
തുടങ്ങിയ യാത്രയിലാണ്. എഇഒ ഓഫീസ് ട്രഷറി പഞ്ചായത്ത് ബാങ്ക്……അങ്ങനെയുള്ള യാത്രകൾക്കൊപ്പം പല പ്രധാന അധ്യാപകർക്കും പഞ്ചായത്ത് ഇമ്പ്ലിമെന്റിങ് ഓഫിസറുടെ അധിക ചുമതല കൂടി വരുമ്പോൾ അദ്ദേഹത്തിന്റെ ക്ലാസിലെ കുട്ടികളുടെ പഠനത്തെക്കുറിച്ചും പഠനനിലവാരത്തെക്കുറിച്ചും പൊതുസമൂഹം ആശങ്കപ്പെട്ടാൽ അശ്ചര്യപ്പെടേണ്ടതില്ല.പ്രശ്നപരിഹാരത്തിന് നിർദേശമെന്നോണം കുട്ടികളുടെ എണ്ണം പരിഗണിക്കാതെ പ്രാധാന അധ്യാപകരെ ക്ലാസ് ചുമതലയിൽ നിന്ന് മറ്റേണ്ടത് എന്ത് കൊണ്ടും അനിവാര്യമാണ്.
