
ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു
- പൊട്ടിത്തെറിച്ചത് ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയർ
ബെംഗളൂരു:ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റു. സംഭവം നടന്നത് കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ്.ബാസമ്മ യറനാൽ എന്ന സ്ത്രീയുടെ കൈപ്പത്തികളാണ് പൊട്ടിത്തെറിയിൽ നഷ്ടപ്പെട്ടത്. പൊട്ടിത്തെറിച്ചത് ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ്. ഉപകരണത്തിൻ്റെ ഉറവിടവും ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കണ്ടെത്താൻ ഇൽക്കൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഹെയർ ഡ്രൈയർ അയൽവാസിയായ ശശികലക്ക് കൊറിയർ വഴിയെത്തിയതായിരുന്നു. ശശികല സ്ഥലത്തില്ലാത്തത് കാരണം കൊറിയർ കൈപ്പറ്റാൻ ബാസമ്മയോട് പറഞ്ഞിരുന്നു . ഡ്രൈയർ എത്തിയത് ഡിടിഡിസി കൊറിയർ വഴിയാണ്. കൊറിയറിൽ ശശികലയുടെ പേരും മൊബൈൽ നമ്പറും വിലാസവും ഉണ്ടായിരുന്നു .

ഇത് പ്രകാരമാണ് കൊറിയർ വാങ്ങിയതും കൈവശം വെച്ചതെന്നും ബാസമ്മ പറഞ്ഞു . ബാസമ്മയോടൊപ്പമുണ്ടായിരുന്ന അയൽവാസികളിലൊരാളാണ് ഹെയർ ഡ്രൈയർ പ്രവർത്തിപ്പിച്ചുനോക്കാൻ പറഞ്ഞത്. പ്ലഗിൽ ഘടിപ്പിച്ച ഹെയർ ഡ്രൈയർ ഓൺ ആക്കി സെക്കന്റുകൾക്കുള്ളിൽ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ യുവതിയുടെ ഇരുകയ്യിലെയും വിരലുകൾ ചിന്നിച്ചിതറുകയായിരുന്നു. ഇവർ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
