
ഹെൽമറ്റ് ഇല്ലാതെ യാത്ര ; ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പിഴ ഈടാക്കിയത് രണ്ടുകോടി
- ഇരുചക്ര വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നതിൽ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല
തിരുവനന്തപുരം : ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 2,70,51,150 രൂപ പിഴ ഈടാക്കി. 51,604 നിയമലംഘനങ്ങളാണ് ഒരാഴ്ച നീണ്ട പരിശോധനയിൽ കണ്ടെത്തിയത്. 1,13,011 ഇരുചക്ര വാഹനങ്ങളാണ് ‘ഹെൽമെറ്റ് ഓൺ സേഫ് റൈഡ്’ എന്ന ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്. ഇരുചക്ര വാഹനയാത്രയിൽ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായാണ് കേരള പൊലീസിന്റെ ട്രാഫിക് ആൻ്റ് റോഡ് സേഫ്റ്റി മാനേജ്മെൻ്റ് വിഭാഗം 2026 മാർച്ച് 18 മുതൽ 24 വരെ സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.

ഇരുചക്ര വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നതിൽ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങളോട് തുടർന്നുള്ള ദിവസങ്ങളിൽ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
