
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നുമില്ല
- നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു തീരുമാനം
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു തീരുമാനം.നടി അപ്പീൽ നൽകിയത് റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് .തിങ്കളാഴ്ച ഹർജി ഹൈക്കോടതി പരിഗണിക്കും. തീരുമാനം ഉണ്ടാവുക ഇതിനു പിന്നാലെയായിരിക്കും .
താൻ ഉൾപ്പടെയുള്ളവർ ജസ്‌റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്കു കിട്ടിയില്ലെന്നുമാണ് രഞ്ജിനി പറയുന്നത്. മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്നു ജസ്റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നു. അതിനാൽ റിപ്പോർട്ട് പുറത്തു വിടുന്നതിനു മുൻപ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോർട്ട് പുറത്തുവിടാവൂ എന്നുമാണു രഞ്ജിനിയുടെ ആവശ്യം.

ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവായ സജിമോൻ പാറയിൽ കൊടുത്ത ഹർജി നേരത്തെ ജസ്‌റ്റിസ് വി.ജി.അരുണിൻറെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഹർജിക്കാരനെ കമ്മിറ്റി റിപ്പോർട്ട് എങ്ങനെ ബാധിക്കുമെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും മൂന്നാം കക്ഷികളെ അടക്കം ബാധിക്കുന്നതൊന്നും റിപ്പോർട്ടിലില്ലെന്നും വിവരാവകാശ കമ്മീഷൻ ഉറപ്പാക്കിയിട്ടുണ്ടെന്നും കാണിച്ചായിരുന്നു ജസ്റ്റിസ് അരുണിന്റെ വിധി. രഞ്ജിനി അപ്പീൽ സമർപ്പിച്ചത് ഇതിനെതിരെയാണ്.