
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; വിവരാവകാശ കമ്മീഷൻ
- ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും സാഹചര്യങ്ങളും പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മീഷൻ
തിരുവനന്തപുരം:മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു . സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീമിന്റേതാണ് ഉത്തരവ്.
അതേ സമയം ആർടിഐ(റൈറ്റ് ടു ഇൻഫർമേഷൻ) നിയമപ്രകാരം വിലക്കിയവ ഒഴിച്ച് യാതൊന്നും മറച്ചുവയ്ക്കരുതെന്നും കമ്മിഷൻ നിർദേശിച്ചു. റിപ്പോർട്ട് പുറത്തുവിടുമ്പോൾ അത് വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത് എന്നും നിർദ്ദേശമുണ്ട്. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മീഷൻ പറഞ്ഞു.
മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും സാഹചര്യങ്ങളും പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മീഷൻ. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.

മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് രൂപീകരിച്ചത്. 2017-ൽ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. രണ്ടുവർഷം പിന്നിട്ടിട്ടും റിപ്പോർട്ടിന്മേൽ ചർച്ചകൾ ഉണ്ടാവുകയോ നടപടികൾ ഉണ്ടാവുകയും ചെയ്തിരുന്നില്ല. റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂസിസി അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ അതിന് തയ്യാറായിരുന്നില്ല.