
ഹോളിവുഡ് അവാർഡ് ഏറ്റുവാങ്ങി എ. ആർ. റഹ്മാനും ‘ആടുജീവിതവും ‘
- റഹ്മാനുവേണ്ടി ബ്ലെസി പുരസ്‌കാരം ഏറ്റുവാങ്ങി
ലോസ് ആഞ്ജലസ് : ഇസൈ പുഴൽ എ.ആർ. റഹ്മാന് സംഗീതലോകത്തുനിന്ന് മറ്റൊരു പുരസ്കാരം കൂടി. 2024ലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരമാണ് റഹ്മാനെ തേടിയെത്തിയിരിക്കുന്നത്.പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിത’ത്തിലെ സംഗീതത്തിനാണ് റഹ്മാൻ അവാർഡ് കരസ്ഥമാക്കിയത്. വിദേശ ഭാഷയിലെ സ്വതന്ത്ര സിനിമകളിലെ മികച്ച പശ്ചാത്തലസംഗീത വിഭാഗത്തിലാണ് ആടുജീവിതം മിന്നുന്ന നേട്ടം കൈവരിച്ചത്.

കഴിഞ്ഞദിവസം ലോസ് ആഞ്ജലസിൽ നടന്ന ചടങ്ങിൽ റഹ്മാനുവേണ്ടി ബ്ലെസി പുരസ്‌കാരം ഏറ്റുവാങ്ങി. ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് വിഖ്യാതമായ ഓസ്കർ പുരസ്കാരത്തിന്റെ സൂചനയായി കണക്കാക്കാറുണ്ട്. ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമെ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിലെ മറ്റുചിത്രങ്ങൾ.പുരസ്കാരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് എ.ആർ. റഹ്മാൻ ഇൻസ്റ്റ്രഗമിൽ പോസ്റ്റ് ചെയ്ത വിഡിയോയും ഇപ്പോൾ വലിയ വയറലാണ്.
