
14 കാരുണ്യ ഫാർമസികളിൽ സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ തുടങ്ങി ആരോഗ്യ വകുപ്പ്
- തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലായി പ്രവർത്തിക്കുന്ന ‘കാരുണ്യസ്പർശം’ -സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ മുഖാന്തിരമാണ് മരുന്നുകൾ വിതരണം ചെയ്യുക
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാൻസ്പ്ലാന്റ് മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കുള്ള ട്രാൻസ്പ്ലാന്റ് മരുന്നുകളാണ് ഇവിടെ വിലക്കുറവിൽ ലഭ്യമാകുക. തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലായി പ്രവർത്തിക്കുന്ന ‘കാരുണ്യസ്പർശം’ -സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ മുഖാന്തിരമാണ് മരുന്നുകൾ വിതരണം ചെയ്യുക.ഇന്നലെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർവഹിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രി തിരുവനന്തപുരം, ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, ജനറൽ ആശുപത്രി പത്തനംതിട്ട, മെഡിക്കൽ കോളേജ് ആശുപത്രി ആലപ്പുഴ, മെഡിക്കൽ കോളേജ് ആശുപത്രി കോട്ടയം, താലൂക്കാശുപത്രി നെടുങ്കണ്ടം, ജനറൽ ആശുപത്രി എറണാകുളം, മെഡിക്കൽ കോളേജ് ആശുപത്രി തൃശ്ശൂർ, ജില്ല ആശുപത്രി പാലക്കാട്, തിരൂർ, മെഡിക്കൽ കോളേജ് കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി, മെഡിക്കൽ കോളേജ് പരിയാരം, ജനറൽ ആശുപത്രി കാസർഗോഡ് എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.
