
2023ൽ പ്രവാസികൾ കേരളത്തിലേക്കയച്ചത് 2.14 ലക്ഷം കോടി രൂപ
- പ്രവാസികളിൽ 11.3 ശതമാനവും വിദ്യാർഥികൾ
- സംസ്ഥാനത്ത് പത്തിൽ നാല് കുടുംബങ്ങളിലും ഒരാൾ പ്രവാസി
തിരുവനന്തപുരം:ലോകത്താകമാനം 50 ലക്ഷം മലയാളികൾ വിവിധ രാജ്യങ്ങളിലായുണ്ട്. 2023-ൽ കേരളത്തിന് പുറത്തേക്ക് മലയാളികൾ ചിലവഴിച്ചത് 43,378.6 കോടി രൂപയെന്ന് കണക്കുകൾ പറയുന്നു . ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ്റെ കുടിയേറ്റ സർവേയിലാണ് വിവരങ്ങൾ ചൂണ്ടി കാട്ടുന്നത്.
അതേസമയം, 2.14 ലക്ഷം കോടി രൂപയാണ് പ്രവാസികൾ വഴി കേരളത്തിലേക്ക് 2023ൽ എത്തിയത്. 2018-നെ അപേക്ഷിച്ച് പ്രവാസികളിൽനിന്ന് കേരളത്തിലേക്ക് വന്ന തുകയേക്കാൾ 154.9% വർധനവുണ്ടായിട്ടുമുണ്ട്.കേരളത്തിന്റെ ആകെ ജനസംഖ്യയുടെ ആറ് ശതമാനത്തോളംവരും മറ്റ് രാജ്യങ്ങളിലേക്കും രാജ്യത്തെ തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറിയവരുടെ എണ്ണമെന്നുമാണ് സർവേയിൽ കണ്ടെത്തിയത്.

സംസ്ഥാനത്തെ പത്തിൽ നാല് കുടുംബങ്ങളിലും ഒരാൾ കുടിയേറ്റക്കാരനാണ്.കേരളത്തിൽനിന്ന് ഏറ്റവുമധികം ആളുകൾ പോയിട്ടുള്ള രാജ്യം യുഎഇ ആണ്. ഇവിടെനിന്ന് തന്നെയാണ് കൂടുതൽ ആളുകൾ തിരികെ എത്തിയതും.വിദേശത്തുനിന്ന് തിരികെ എത്തിയ മലയാളികളുടെ ആകെ എണ്ണം 17 ലക്ഷമാണ്. 2018-നെ അപേക്ഷിച്ച് ഇക്കാര്യത്തിൽ 38.4% വർധനവ് ഉണ്ടായിട്ടുണ്ട്.കേരളത്തിൽ 10-ൽ രണ്ട് കുടുംബങ്ങളിലും ഇങ്ങനെ തിരികെ വന്നവരുണ്ട്. 3.5 ലക്ഷം പേർ തിരികെ വന്ന മലപ്പുറം ജില്ലയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രവാസം അവസാനിപ്പിച്ചത്. അതിൽതന്നെ തിരൂരങ്ങാടിയിലാണ് കൂടുതൽ ആളുകളുമുള്ളത്.
കുടിയേറ്റക്കാരിൽ 11.3 ശതമാനമാണ് വിദ്യാർഥികളുടെ പങ്ക്. മലയാളികളിൽ 4.2 ലക്ഷം കുടുംബങ്ങൾ പൂർണമായി കുടിയേറിയവരാണ്. സ്ത്രീകൾ വീടുകളിലും ഭർത്താവോ മക്കളോ മാത്രമായി മറ്റിടങ്ങളിലേക്ക് പോയവർ 10 ലക്ഷം വരുമെന്നും കുടിയേറ്റ സർവേയിൽ പറയുന്നു.