5 വർഷം പെട്ടിയിൽ ; ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തേക്ക്

5 വർഷം പെട്ടിയിൽ ; ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തേക്ക്

  • വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിവാക്കിയതിനുശേഷമുള്ള മുഴുവൻ ഭാഗവും പുറത്ത് വിടണമെന്ന് കമ്മിഷന്‍

കൊച്ചി :സിനിമ മേഖലയില്‍ സ്ത്രീകളുടെ ദുരനുഭവങ്ങളുടെ വിവരങ്ങൾ ഇന്ന് പുറംലോകം അറിയും. മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്നു പുറത്തുവിടും. 5 വര്‍ഷത്തിനു ശേഷമാണ് റിപ്പോര്‍ട്ട് പുറംലോകം അറിയുക. ഇന്നു വൈകിട്ട് നാലു മണിക്കാണ് റിപ്പോര്‍ട്ട് പുറത്ത് വരിക. റിപ്പോർട്ട്‌ ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ച മാധ്യമപ്രവര്‍ത്തകര്‍ അടക്കം അഞ്ചു പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുക. 233 പേജുകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടിന്റെ ഭാഗമാണ് കൈമാറുക. 5 പേരും റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയില്‍ അടച്ചിട്ടുണ്ട്.

അതേ സമയം വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിവാക്കിയതിനുശേഷമുള്ള വിവരങ്ങള്‍ പുറത്ത് വിടാനാണ് കമ്മിഷന്‍ ഉത്തരവിട്ടത്. ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍. എന്നാല്‍ 2019 ഡിസംബര്‍ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിനെതിരെ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം രംഗത്ത് വന്നിരുന്നു.റിപ്പോര്‍ട്ട് വായിച്ച ശേഷമാണ് സ്വകാര്യതയെ ഹനിക്കാതെ ബാക്കിയുള്ള ഭാഗം പുറത്തുവിടാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്.49-ാം പേജിലെ 96 -ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )