
90 ലധികം സീറ്റുകൾ നേടി ഇടതുമുന്നണി ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
- എൽ ഡി എഫ് നയങ്ങൾക്ക് വലിയ ജനകീയ അംഗീകാരം ലഭിച്ചതായാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം : കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും 90 ലധികം സീറ്റുകൾ നേടി ഇടതുമുന്നണി ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പോളിംഗ് ശതമാനത്തിലുണ്ടായ മാറ്റം വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവ് മൂലമാണെന്നും വോട്ടിംഗ് രീതി പരിശോധിക്കുമ്പോൾ എൽ ഡി എഫ് നയങ്ങൾക്ക് വലിയ ജനകീയ അംഗീകാരം ലഭിച്ചതായാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണവിരുദ്ധ തരംഗമെന്ന വാദത്തിന് പക്ഷേ അതുകൊണ്ടൊന്നും ഇടത് മുന്നണിയുടെ തുടർ ഭരണത്തെ തടയാൻ യു ഡി എഫിനോ എൻ ഡി എക്കോ സാധിക്കില്ലെന്നും സി പി എം സെക്രട്ടറി കൂട്ടിച്ചേർത്തു.

യു ഡി എഫിന്റെ അവകാശവാദങ്ങൾ വെറും ഭാവന മാത്രമാണെന്നും ബി ജെ പി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ ‘മുഖ്യമന്ത്രി’ ചർച്ചകളെയും എം വി ഗോവിന്ദൻ പരിഹസിച്ചു. ഇപ്പോൾ നടക്കുന്നത് വെറും അവകാശവാദങ്ങൾ മാത്രമാണ്. കേരളം ആര് ഭരിക്കണമെന്ന് ജനങ്ങൾ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. മെയ് നാലിന് വോട്ടെണ്ണുമ്പോൾ കോൺഗ്രസിന് അത് ബോധ്യമാകുമെന്നും ഗോവിന്ദൻ പറഞ്ഞു. 2016 ലേയും 2021 ലേയും ഫലം ഇത്തവണയും ആവർത്തിക്കും. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മന്ത്രിസഭാ രൂപീകരണവും മുഖ്യമന്ത്രിപദം പങ്കിടലും വരെ സ്വപ്പ്നം കണ്ടവരാണ് യു ഡി എഫുകാർ.
