
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന്റെ എണ്ണം കൂട്ടി; ദിവസം 10 പേര്‍ക്ക് കൂടി അവസരം
- പരാജയപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് വീണ്ടും അവസരം നൽകാൻ പ്രത്യേക സംവിധാനമുണ്ടാക്കിയത്
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ട 10 പേരെക്കൂടി പങ്കെടുപ്പിക്കാൻ അനുമതി. ഇതോടെ ഒരു ഉദ്യോഗസ്ഥന് ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പുതിയ നിർദേശപ്രകാരം കഴിയും.
ഗതാഗത വകുപ്പ് മന്ത്രിയായി കെ. ബി. ഗണേഷ് കുമാർ എത്തിയതിന് പിന്നാലെയാണ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണം നടത്തിയത്. ആദ്യ നിർദേശം അനുസരിച്ച് ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ചേർന്ന് ദിവസം 30 പേർക്കാണ് ടെസ്റ്റ് നടത്തേണ്ടത്. എന്നാൽ, പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഒരു എം. വി. ഐക്ക് 40 പേർക്ക് ടെസ്റ്റ് നടത്താമെന്ന നിർദേശം പുറത്തിറക്കുകയായിരുന്നു. ടെസ്റ്റ് പരിഷ്കരണം നടക്കുന്നതിനുമുൻപ് 60 പേർക്കാണ് അനുമതിയുണ്ടായിരുന്നത്.
പരാജയപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് വീണ്ടും അവസരം നൽകാൻ പ്രത്യേകസംവിധാനമുണ്ടാക്കിയത്. 30 പുതിയ അപേക്ഷകൾ, വിദേശയാത്ര ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്ന 10 പേർ, തോറ്റ പത്തുപേർ എന്നിങ്ങനെയാകും ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ അനുപാതം.