
സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് 8,000 കോടി നരേന്ദ്രമോദിയുടെ പിആർ വർക്കിനുവേണ്ടി: സാകേത് ഗോഖലെ
- കേന്ദ്രസർക്കാരിന്റെ പല പരിപാടികളും മോദിയെ ഉയർത്തിക്കാട്ടുന്നതിന് വേണ്ടി മാത്രം സമർപ്പിക്കപ്പെടുന്നതാണ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ. നരേന്ദ്രമോദിയുടെ പി ആർ വർക്കിനുവേണ്ടി സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് 8,000 കോടി രൂപ കേന്ദ്ര സർക്കാർ ചെലവഴിച്ചതായാണ് സാകേത് ഗോഖലെയുടെ ആരോപണം.
നോട്ട് നിരോധനത്തിനുശേഷം പുതിയ നോട്ടുകളിൽ സ്വച്ഛ് ഭാരത് എന്ന മുദ്ര പതിപ്പിക്കണമെന്ന് നിർബന്ധം പിടിക്കുന്ന തരത്തിലായിരുന്നു മോദിയുടെ പി ആർ വർക്കുകൾ. മോദി ചെയ്യുന്നതുപോലെ ഇന്ത്യയിലെ മറ്റൊരു പാർടിക്കോ അവരുടെ നേതാവിനോ വ്യക്തിഗത പി ആർ വർക്കിനായി കോടിക്കണക്കിന് രൂപ സർക്കാർ ഫണ്ട് ലഭിക്കാറില്ല. നികുതി വർധിപ്പിച്ച് മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നികുതിക്കായി തട്ടിയെടുക്കുന്നു. വാക്‌സിൻ സർട്ടിഫിക്കറ്റിൽ പോലും മോദിയുടെ ഫോട്ടോ പതിപ്പിച്ചുള്ള പി ആർ വർക്കാണ് നടന്നതെന്നും സാകേത് തുറന്നടിച്ചു.
കേന്ദ്രസർക്കാരിന്റെ പല പരിപാടികളും മോദിയെ ഉയർത്തിക്കാട്ടുന്നതിന് വേണ്ടി മാത്രം സമർപ്പിക്കപ്പെടുന്നതാണ്. അതിന് ഉപയോഗിക്കുന്നത് നികുതിദായകരുടെ പണമാണെന്നും സാകേത് ഗോഖലെ ആരോപിച്ചു.