
നർഗെസ് നിങ്ങൾ ശക്തയാണ്
- അവളുൾപ്പെടുന്ന രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രചാരണത്തിനും അമിത വധശിക്ഷയ്ക്കെതിരെ പോരാടിയ ധീരയാണവർ.
ലോകത്തിലെ ശക്തയായ വനിതയാണ് നർഗെസ്. തന്റെ നാട്ടിലെ ജനങ്ങളോടുള്ള അനീതിയെ ശക്തമായി എതിർത്തവൾ. ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം സുഖമായി ജീവിക്കേണ്ടവൾ. അവളുടെ സഹജീവികളോടുള്ള സ്നേഹമാണ് അവരെ തടവറയിലെത്തിച്ചത്. തടവിലാക്കപ്പെട്ട ഇറാനിയൻ ആക്ടിവിസ്റ്റ് നർഗസ് മുഹമ്മദിയുടെ കൗമാരപ്രായക്കാരായ മക്കൾ നോർവീജിയൻ തലസ്ഥാനത്ത് വെച്ച് ഈ വർഷത്തെ സമാധാന നൊബേൽ സമ്മാനം സ്വീകരിച്ചു. വർഷങ്ങളായി തങ്ങൾ കാണാത്ത സ്വന്തം അമ്മയ്ക്ക് വേണ്ടി. ടെഹ്റാൻ ജയിലിൽ നിന്ന് അവരത് അറിഞ്ഞുകാണില്ല എന്നുറപ്പാണ് . അവളുൾപ്പെടുന്ന രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രചാരണത്തിനും അമിത വധശിക്ഷയ്ക്കെതിരെ പോരാടിയ ധീരയാണവർ.
പിതാവിനൊപ്പം പാരീസിൽ പ്രവാസത്തിൽ കഴിയുന്ന മുഹമ്മദിയുടെ 17 വയസ്സുള്ള ഇരട്ടക്കുട്ടികളായ കിയാനയും അലി റഹ്മാനിയും ഓസ്ലോ സിറ്റി ഹാളിൽ വെച്ച് അഭിമാനകരമായ അവാർഡ് ഏറ്റു വാങ്ങിയപ്പോൾ സ്വാതന്ത്ര്യത്തിന്റെ നിറമുള്ള കാലത്തെ കുറിച്ച് അവരും ചിന്തിച്ചു കാണും. മകൾ കിയാന അവളുടെ അമ്മയുടെ പേരിൽ സമാധാനത്തിനുള്ള നോബൽ സമ്മാന പ്രഭാഷണം ഉറക്കെ വായിച്ചു. അപ്പോളവിടെ പ്രതിധ്വനിച്ചത് നർഗെസ് എന്ന ശക്തയായ സ്ത്രീയുടെ ആശയങ്ങളുടെ തീവ്രതയും പ്രതീക്ഷയും കൂടെയാണ്.
ഓസ്ലോയിൽ നടന്ന വാർത്താ സമ്മേളനത്തിൽ, കിയാന റഹ്മാനി തന്റെ അമ്മയുടെ സന്ദേശം വായിച്ചു. അതിൽ “വിയോജിപ്പുള്ളവരുടെയും പ്രതിഷേധക്കാരുടെയും മനുഷ്യാവകാശ സംരക്ഷകരുടെയും ശബ്ദം ലോകത്തിന് എത്തിക്കുന്നതിൽ” അന്താരാഷ്ട്ര മാധ്യമങ്ങൾ വഹിച്ച പങ്കിനെ അവർ വാനോളം അഭിനന്ദിച്ചിട്ടുണ്ട്. “ഇറാൻ സമൂഹത്തിന് ആഗോള പിന്തുണ ആവശ്യമാണെന്നും ഇസ്ലാമിക് റിപ്പബ്ലിക് ഗവൺമെന്റിന്റെ വിനാശകരമായ സ്വേച്ഛാധിപത്യത്തിനെതിരായ പ്രയാസകരമായ പോരാട്ടത്തിൽ നിങ്ങൾ പത്രപ്രവർത്തകരും മാധ്യമ പ്രൊഫഷണലുകളും ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മിത്രങ്ങളും ആശയവാഹകരുമാണെന്ന് അവർ കുറിപ്പിൽ പറഞ്ഞു. ഞങ്ങൾക്കായി നിങ്ങൾ ചെയ്ത എല്ലാത്തിനും നിങ്ങളുടെ പരിശ്രമങ്ങൾക്കും ഞാൻ ആത്മാർത്ഥമായി നന്ദി രേഖപ്പെടുത്തുന്നു.” മുഹമ്മദി പറഞ്ഞു. കുറിപ്പ് വായിച്ചതിനൊപ്പം തന്റെ അമ്മയെ വീണ്ടും കാണുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ആ മകൾ പറഞ്ഞു. “ഒരുപക്ഷേ ഞാൻ എന്റെ അമ്മയെ 30 അല്ലെങ്കിൽ 40 വർഷത്തിനുള്ളിൽ കാണാം. പക്ഷേ ഞാൻ അവരെ ഇനി കാണില്ലെന്നാണ് കരുതുന്നത്. അതൊന്നും കാര്യമാക്കേണ്ടതില്ല. കാരണം എന്റെ അമ്മ എപ്പോഴും എന്റെ ഹൃദയത്തിൽ ജീവിക്കും.” എന്നും ആ മകൾ കൂട്ടിച്ചേർത്തു.
ജയിലിൽ ഇറാനിലെ ബഹായി വിശ്വാസമത ന്യൂനപക്ഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്താൻ മുഹമ്മദി പദ്ധതിയിട്ടിരുന്നതായി മുഹമ്മദിയുടെ സഹോദരനും ഭർത്താവും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തങ്ങളുടെ കുട്ടികൾ അഭിമാനകരമായ സമ്മാനം സ്വീകരിക്കുന്നത് കാണാൻ മുഹമ്മദിയുടെ ഭർത്താവ് താഗി സദസ്സിലുണ്ടായിരുന്നു. 11 വർഷമായി തനിക്ക് ഭാര്യയെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും അവരുടെ മക്കൾ എട്ട് വർഷമായി അമ്മയെ കണ്ടിട്ടി ല്ലെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. രാജ്യത്തെ കർശനമായ ശിരോവസ്ത്ര നിയമം ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ വർഷം 22 കാരിയായ മഹ്സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ മുഹമ്മദി പ്രധാന പങ്ക് വഹിച്ചിരുന്നു.
യൂറോപ്യൻ യൂണിയന്റെ പരമോന്നത മനുഷ്യാവകാശ സമ്മാനമായ സഖാരോവ് പ്രൈസ് ഫോർ ഫ്രീഡം ഓഫ് തോട്ട് സ്വീകരിക്കാൻ അമിനിയുടെ കുടുംബാംഗങ്ങളെ യാത്ര ചെയ്യുന്നതിൽ നിന്ന് ഇറാനിയൻ അധികൃതർ വിലക്കിയ വാർത്ത പുറത്തു വന്നിരുന്നു. 2003-ൽ മനുഷ്യാവകാശ പ്രവർത്തക ഷിറിൻ എബാദിക്ക് ശേഷം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയും ഇറാനിയൻ വനിതയുമാണ് നർഗേസ് മുഹമ്മദി. 122 വർഷത്തെ ചരിത്രത്തിൽ അഞ്ചാം തവണയാണ് ജയിലിലോ വീട്ടുതടങ്കലിലോ ഉള്ള ഒരാൾക്ക് സമാധാന പുരസ്കാരം നൽകുന്നത്.