
ഫിഷിങ് ഹാർബറിൽ നിന്ന് വഞ്ചികൾ മോഷണം പോയി
- ബേപ്പൂർ പൊലീസ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവർക്ക് ഉടമകൾ പരാതി നൽകി
ബേപ്പൂർ: ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തെ കോസ്റ്റ് ഗാർഡ് യാർഡിന് സമീപം ലോ ലെവൽ ജെട്ടിക്ക് സമീപം നങ്കൂരമിട്ട് നിർത്തിയ രണ്ട് ഫൈബർ വഞ്ചികൾ ഇന്നലെ രാത്രി മോഷണം പോയി.
ബേപ്പൂർ മാമന്റകത്ത് നിസാമുദ്ദീന്റെ ഉടമസ്ഥതയിലുള്ള മദീന, മച്ചിലകത്ത് കെ. റഷീദിൻ്റെ ഗാലക്‌സി എന്നീ വഞ്ചികളാണ് മോഷണം പോയത്. ജോലിക്കാർ മീൻ പിടിത്തത്തിന് പോകുന്നതിനായി രാത്രി ഒരുമണിയോടെ തുറമുഖത്ത് എത്തിയപ്പോഴാണ് വഞ്ചി നഷ്ടപ്പെട്ടതായി അറിയുന്നത്. ഇതിൽ ഗാലക്‌സി വഞ്ചി പുറംകടലിൽ ആറ് നോട്ടിക്കൽ മൈലിൽ ഒഴുകി നടക്കുന്നതായി മറ്റു തോണിക്കാർ അറിയിച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ ചേർന്ന് ബേപ്പൂർ തുറമുഖത്തെത്തിച്ചു.

വഞ്ചിയിൽ ഉണ്ടായിരുന്ന രണ്ട് എൻജിനും വയർലെസ് സെറ്റ്, ജിപിഎസ്, എക്കോ സൗണ്ടർ തുടങ്ങിയ സാമഗ്രികളും ഡീസൽ, മണ്ണെണ്ണ എന്നിവ നിറച്ച കന്നാസുകളും നഷ്ടപ്പെട്ടു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥൻ പറഞ്ഞു.
ബേപ്പൂർ പൊലീസ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവർക്ക് ഉടമകൾ പരാതി നൽകിയിട്ടുണ്ട്.