
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി
- രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി പറഞ്ഞു
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനക്കേസ് റദ്ദാക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗൺസിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസിൽ കൗൺസിലറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് കേസ് റദ്ദാക്കാമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.

ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. എന്നാൽ കുടുംബത്തിൽ നിന്നുള്ള സമ്മർദം കാരണമാണ് പരാതി നൽകിയതെന്നും തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ഒത്തുതീർന്നതിനാൽ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.